പത്തനംതിട്ട: അനധികൃത മത്സ്യവിൽപ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്ത നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ സിഐടിയു ജില്ലാ നേതാവിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാൻ തയാറാകാതെ പൊലീസ്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആജ്ഞ ശിരസാ വഹിച്ച് പൊലീസ് വിടുപണി ചെയ്യുകയാണ് എന്നാണ് ആരോപണം.

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐ.ടി.യു) ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും സിപിഎം കുമ്പഴ ലോക്കൽ കമ്മറ്റിയംഗവുമായ സക്കീർ അലങ്കാരത്ത് ആണ് നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോട്ടയം സ്വദേശി ദീപു മോനെ ഓഫീസിൽ കയറി ഭിഷണി മുഴക്കിയതും മർദിക്കാൻ തുനിഞ്ഞതും. സീറ്റിൽ നിന്ന് ദീപു എണീറ്റ് മാറിയതിനാൽ അടി കൊള്ളാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് നഗരത്തിലെ തിരക്കേറിയ റോഡിൽ പെട്ടിവണ്ടിയിൽ പല ഭാഗത്തായി മത്സ്യകച്ചവടം നടത്തിയിരുന്നു. മുൻപ് പല തവണ ഇത്തരം മത്സ്യവിൽപ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വിൽക്കരുതെന്ന് താക്കീതുകൊടുക്കുകയും ചെയ്തിരുന്നു.

അതെല്ലാം ലംഘിച്ച് വീണ്ടും വിൽപ്പന നടത്തിയ വാഹനങ്ങൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ പിടികൂടി റിപ്പോർട്ടെഴുതി പൊലീസിന് കൈമാറി. ദീപു അനധികൃതമായി വാഹനം പിടിച്ചെടുത്തുവെന്ന് ആരോപിച്ച് മീൻ വിൽപ്പനക്കാരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സക്കീർ അലങ്കാരത്ത് നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. അസഭ്യം വിളിച്ചു കൊണ്ട് പാഞ്ഞടുത്ത് ഭീഷണി മുഴക്കുകയാണ് ആദ്യം ചെയ്തത്. ഡാ, മൊട്ടേ നിന്റെ തല അടിച്ചു പൊട്ടിക്കും, കൈവെട്ടിക്കളയും എന്ന് പറഞ്ഞായിരുന്നു തുടക്കം. നിന്നെ കൈകാര്യം ചെയ്യാനാണ് പാർട്ടി തീരുമാനം. വേഗം ജോലി രാജി വച്ചു സ്ഥലം വിട്ടോണം എന്നു പറഞ്ഞു കൊണ്ട് ദീപുവിനെ അടിക്കാൻ ശ്രമിച്ചു. സീറ്റിൽ നിന്ന് ദീപു എണീറ്റ് മാറിയതിനാൽ അടി കിട്ടാതെ രക്ഷപ്പെട്ടു. മറ്റുള്ളവർ ചേർന്ന് സക്കീറിനെ പിടിച്ചു മാറ്റുകയായിരുന്നു.

ഇതു സംബന്ധിച്ച് അപ്പോൾ തന്നെ ദീപു നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. സെക്രട്ടറി ഉടൻ തന്നെ അത് പൊലീസിന് കൈമാറി. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പൊലീസ് മടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസെടുത്തത്. ഇതിനിടെ നേതാവ് ഹെൽത്ത് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നു. അതിൽ ഭീഷണി മുഴക്കുന്നത് വ്യക്തമാണ്. എന്നിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറല്ല. സ്റ്റേഷന് മുന്നിലും ടൗണിലൂടെയും നേതാവ് നെഞ്ചു വിരിച്ച് നടക്കുന്നുണ്ട്. ഇയാൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ടെന്ന ന്യായീകരണമാണ് പൊലീസിന്. തെളിവുകൾ പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്.

സാധാരണക്കാരൻ ആയിരുന്നെങ്കിൽ എന്നേ പൊക്കി പൊലീസ് അകത്തിടുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത് സക്കീറിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ജില്ലാ സെക്രട്ടറി ഇടപെട്ടുവെന്ന ആരോപണം ശക്തമാണ്. ജില്ലാ സെക്രട്ടറിയുടെ പേര് പറഞ്ഞാണ് സക്കീർ ഹെൽത്ത് ഇൻസ്പെക്ടറെ വിരട്ടിയത്. തന്റെ നിലപാടുകൾ വിശദീകരിക്കാൻ തിങ്കളാഴ്ച സക്കീർ പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാൽ തിരിച്ചടിക്കുമെന്ന് കണ്ട് അവസാന നിമിഷം പിന്മാറി.