- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം കോടതിയിൽ അഭിഭാഷകരും പൊലീസുകാരും തമ്മിൽ കൈയാങ്കളി; സംഘർഷമുണ്ടായത് അഭിഭാഷകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ; ഒരു പൊലീസുകാരന് പരിക്കേറ്റു; പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു
കൊല്ലം: കൊല്ലം കോടതിയിൽ പൊലീസുകാരും അഭിഭാഷകരും തമ്മിൽ സംഘർഷം. അഭിഭാഷകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്. സംഘർഷത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു. കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ മനോരഥൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ മർദിച്ചു എന്നാരോപിച്ച് അഭിഭാഷകർ പൊലീസുകാരെ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. അഞ്ചാം തീയതി നടന്ന ഈ സംഭവത്തിൽ പ്രതിഷേധിച്ചാണ് കൊല്ലത്തെ കോടതിയിൽ തിങ്കളാഴ്ച അഭിഭാഷകർ പ്രകടനം സംഘടിപ്പിച്ചത്. കേസ് നടപടിക്ക് വേണ്ടി കോടതിയിൽ എത്തിയ പൊലീസുകാരെ അഭിഭാഷകർ രണ്ടു മണിക്കൂറിലധികം നേരം തടഞ്ഞു വച്ചു.
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നതുവരെ കൊല്ലം ബാർ അസോസിയേഷൻ അനിശ്ചിതകാല ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകർ തടയുകയായിരുന്നു. തർക്കത്തെ തുടർന്ന് സംഘർഷം രൂപപ്പെട്ടതോടെ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അക്രമികൾ അടിച്ചുതകർത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. അക്രമികൾക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
അതേസമയം, കരുനാഗപ്പള്ളിയിലെ സംഭവത്തിൽ നിലവിലെ അന്വേഷണസംഘത്തെ മാറ്റുന്നത് വരെ കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കുമെന്ന് കൊല്ലം ബാർ അസോസിയേഷൻ അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ അക്രമസംഭവങ്ങൾ അസോസിയേഷന്റെ അറിവോടെ നടന്നതല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ