- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാർ സ്വകാര്യമേഖലയിലെ ഖനനം പൂർണമായി നിരോധിച്ചതിനു ശേഷവും സിഎംആർഎൽ കമ്പനിക്ക് ഇത്രയധികം കരിമണൽ എങ്ങനെ ലഭിച്ചു? സിഎംആർഎല്ലും കെ എസ് ഐ ഡി സിയും മറുപടി നൽകണം; മാസപ്പടിയിൽ കരിമണൽ കർത്തയ്ക്ക് നോട്ടീസ്; കേന്ദ്ര ഏജൻസി പണി തുടങ്ങി
കൊച്ചി: മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി. മാധ്യമ പ്രവർത്തകയെ അപമാനിച്ച സുരേഷ് ഗോപിക്കെതിരെ കേരളാ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയ ചർച്ച നടക്കുന്നതിനിടെയാണ് പുതിയ വാർത്ത. രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ (ഐഎസ്ബി) കണ്ടെത്തലിനെത്തുടർന്നു കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡിനും (സിഎംആർഎൽ) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷനും (കെഎസ്‌ഐഡിസി) കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഫലത്തിൽ ഇത് അന്വേഷണമായി മാറും.
സിഎംആർഎൽ നൽകുന്ന വിശദീകരണം നിർണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് നൽകാത്ത സേവനത്തിന് പണം കൈമാറിയെന്ന ആരോപണത്തിലാകും പ്രധാന അന്വേഷണം. മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഈ കേസ് അന്വേഷിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇന്നേക്കകം ബോധിപ്പിക്കാനാണ് കമ്പനികാര്യ അസിസ്റ്റന്റ് രജിസ്റ്റ്രാറുടെ നോട്ടിസ്. സിഎംആർഎൽ കമ്പനിയുടെ 13.4% ഓഹരി ഉടമസ്ഥത കെഎസ്‌ഐഡിസിക്കുള്ളതിനാലാണ് അവർക്കും നോട്ടിസ് അയച്ചത്.
ഐഎസ്ബിയുടെ ശുപാർശ അനുസരിച്ച് കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ഓഹരി ഉടമ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണങ്ങൾ അടങ്ങുന്ന ചോദ്യാവലിയും നോട്ടിസിനൊപ്പം നൽകിയിട്ടുണ്ട്. 19 ആരോപണങ്ങൾക്കാണു മറുപടി നൽകേണ്ടത്. ഏറെ നിർണ്ണായകമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കേന്ദ്ര സർക്കാർ 2019 മാർച്ച് ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂർണമായി നിരോധിച്ചതിനു ശേഷവും സിഎംആർഎൽ കമ്പനിക്ക് ഇത്രയധികം കരിമണൽ (ഇൽമനൈറ്റ്) എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിന് കെ എസ് ഐ ഡി സി നൽകുന്ന മറുപടി നിർണ്ണായകമാണ്.
ഈ മറുപടി കിട്ടിയ ശേഷം പിണറായിയുടെ മകൾ വീണാ വിജയനും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം കേന്ദ്ര ഏജൻസി നോട്ടീസ് നൽകാൻ സാധ്യതയുണ്ട്. ഇതിൽ കരിമണൽ കർത്തയുടെ കമ്പനിയായ സിഎംആർഎൽ നൽകുന്ന മറുപടിയാകും നിർണ്ണായകം.
മറുപടി നൽകേണ്ട പ്രധാന ചോദ്യങ്ങൾ ഇവ
1. സിഎംആർഎൽ നൽകിയ 135 കോടി രൂപ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലേ
2, രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് 100% ആദായനികുതി ഇളവു നൽകുന്ന 80 ജിജിബി വകുപ്പു പ്രകാരമല്ലാതെ എന്തുകൊണ്ടു തുക കൈമാറി
രാഷ്ട്രീയ നേതാക്കൾക്കു നേരിട്ടു പണം നൽകിയതെന്തിന്
3, 2016 മാർച്ച് 31 നു 772.44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്ന സിഎംആർഎൽ കമ്പനി 2023 മാർച്ച് 31 ന് 7336.82 ലക്ഷം രൂപയുടെ അറ്റാദായം നേടിയതെങ്ങനെ
4, കേന്ദ്ര സർക്കാർ 2019 മാർച്ച് ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂർണമായി നിരോധിച്ചതിനു ശേഷവും സിഎംആർഎൽ കമ്പനിക്ക് ഇത്രയധികം കരിമണൽ (ഇൽമനൈറ്റ്) എങ്ങനെ ലഭിച്ചു
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സി.എം.ആർ.എല്ലിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജാണ് ഹർജി നൽകിയത്. പിസി ജോർജിന്റെ മകനാണ് ഷോൺ. അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നേരത്തേ അന്വേഷണ ഏജൻസിയെ സമീപിച്ചിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് കേന്ദ്ര ഏജൻസി നടപടി തുടങ്ങുന്നത്.
മാസപ്പടി കേസിൽ രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേർന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇതിന് സമാനമായ ചോദ്യമാണ് കേന്ദ്ര ഏജൻസിയും ഉയർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ