കോയമ്പത്തൂർ: : കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടന ഗൂഢാലോചന നടന്നത് കേരളത്തിൽ? വിയ്യൂർ ജയിലിലുള്ള അസറുദ്ദീൻ എന്ന ആളുടെ അനുയായിയാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ. പോപ്പുലർ ഫ്രണ്ട് നിരോധനം കൊണ്ട് കാര്യമില്ലെന്ന സന്ദേശം നൽകാനായിരുന്നു സ്‌ഫോടനത്തിന് പദ്ധതിയിട്ടത് എന്നാണ് സൂചന. കേസ് അന്വേഷണം പ്രാഥമികമായി എൻഐഎ തുടങ്ങി കഴിഞ്ഞു. അന്വേഷണ സംഘം കേരളത്തിലെത്തി കഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പക ദീപാവലി നാളിൽ തീർക്കാനുള്ള ആസൂത്രമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പക തീർക്കാൻ കോയമ്പത്തൂരിൽ ആസൂത്രണം ചെയ്തത് വൻ സ്‌ഫോടനമായിരുന്നു. ഇതിന് വേണ്ടി കാറിൽ വരവേ പൊലീസ് ചെക് പോസ്റ്റിലെ പരിശോധന കാരണം മുമ്പോട്ട് പോകാനായില്ല. ഇതുകാരണമാണ് സ്വയം ജമേഷ മുബിൻ പൊട്ടിത്തെറിച്ചത്. ഇതിന്റെ ഗൂഢാലോചന നടന്നത് കേരളത്തിൽ ആണെന്നാണ് സൂചന. പദ്ധതിയിട്ടത് ശ്രീലങ്കയിലെ 'ഈസ്റ്റർ' ദുരന്തത്തിന് സമാനമായ ആക്രമണമായിരുന്നു. ദീപാവലിയെ കറുത്ത ദിനമാക്കുകയായിരുന്നു ലക്ഷ്യം. ലങ്കൻ സ്‌ഫോടന സൂത്രധാരൻ സഹ്‌റാൻ ഹാഷ്മിയുടെ ഉറ്റ അനുയായിയും പദ്ധതിയിൽ പങ്കാളിയാണെന്ന സൂചനയെ തുടർന്ന് കോയമ്പത്തൂരിലെ അന്വേഷണം വിയ്യൂർ ജയിലിൽ എത്തി കഴിഞ്ഞു.

ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു. സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. വിയ്യൂർ ജയിലിലായിരുന്നു അസറുദ്ദീനെ ജമേഷ മുബിൻ വിയ്യൂരിലെ ജയിലിലെത്തി കണ്ടിരുന്നു. ഈ സാഹചര്യത്തിൽ വിയ്യൂർ ജയിലിലെ സന്ദർശക രജിസ്റ്റർ പരിശോധിച്ച് നിഗമനങ്ങളിൽ അന്വേഷണ സംഘം എത്തി കഴിഞ്ഞു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന് വിയ്യൂർ ജയിലിലുള്ള മുഹമ്മദ് അസറുദ്ദീൻ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം തൃശൂരിലെത്തിയത്. 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്തയാളാണ് അസറുദ്ദീൻ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുബീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തു.

ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്. സ്‌ഫോടനത്തിന്റെ സൂത്രധാരനായ സഹ്‌റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. അസറുദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്നത്. കേസിന്റെ അന്വേഷണ ചുമതല തമിഴ്‌നാട് പൊലീസിലെ പ്രത്യേക സംഘത്തിനാണെങ്കിലും എൻ.ഐ.എ അനൗദ്യോഗികമായി വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. ഇന്ന് അവർ ഔദ്യോഗികമായി കേസ് അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.

കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്‌ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.

ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2019 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്.

1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അൽ ഉമ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തിരുന്നു. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ വൈകിട്ടോടെയാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്‌ഫോടന കേസ് അന്വേഷിക്കുന്നത്. ഈ മേഖലയിൽ മതതീവ്രവാദികളുടെ സജീവ സാന്നിധ്യമുണ്ടെന്നാണ് വിലിയിരുത്തൽ.