- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂർ ചാവേർ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച കാർ 10 തവണ കൈമറിഞ്ഞ് എത്തിയത്; പൊട്ടിത്തെറിച്ചത് പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത് കാർ; ഇതുവരെ അറസ്റ്റിലായത് അഞ്ചുപേർ; പ്രതികളിൽ ചിലർ കേരളത്തിലെത്തി; കൂടുതൽ പേർ പിടിയിലാകുമെന്ന് സൂചന; കേസിൽ യുഎപിഎ ചുമത്തിയതായി പൊലീസ് കമ്മീഷണർ
കോയമ്പത്തൂർ: ഉക്കടത്ത് ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ സഫോടനത്തിന് ഉപയോഗിച്ച കാർ 10 തവണ കൈമറിഞ്ഞ് എത്തിയത്. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. കേസിൽ യുഎപിഎ ചുമത്തി. അഞ്ചുപേർ ഇതിനകം അറസ്റ്റിലായി. കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന. പ്രതികളിൽ ചിലർ കേരളത്തിൽ എത്തിയെന്നും എല്ലാം പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്നും കമ്മീഷണർ വി ബാലകൃഷ്ണൻ അറിയിച്ചു. അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് പ്രാഥമികമായിത്തന്നെ വ്യക്തമായ അഞ്ചുപേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫിറോസ് ഇസ്മയിൽ, മുഹമ്മദ് ധൽക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് പിടിയിലായത്. എല്ലാവരും കോയമ്പത്തൂർ ജി.എം.നഗർ, ഉക്കടം സ്വദേശികളാണ്. ഇതിൽ മുഹമ്മദ് ധൽക്ക 1998 ലെ കോയമ്പത്തൂർ സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അൽ ഉമ സംഘടനയുടെ സ്ഥാപകനുമായ എസ്.എ.ബാഷയുടെ സഹോദരപുത്രനാണ്.
ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിനായിരുന്നു. വലിയ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്ഫോടനത്തിന് പിന്നാലെ ജമേഷ മുബിന്റെ ഉക്കടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉഗ്ര സ്ഫോടക ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നു.
പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫർ, അലുമിനിയം പൗഡർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. സ്ഫോടനം നടന്ന കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ടർ കൂടി കാറിനകത്ത് കണ്ടെത്തി.
ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ്പോസ്റ്റുണ്ട്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്ഫോടനം ഉണ്ടായതെന്ന സംശയവും പൊലീസിനുണ്ട്. എയ്ഡ്പോസ്റ്റ് ഒഴിവാക്കാൻ വാഹനം തിരിച്ചപ്പോൾ സ്ഫോടനം നടന്നതാകാമെന്നാണ് നിഗമനം. നഗരത്തിലെ ദീപാവലി ആഘോഷമാണോ മുബിൻ ലക്ഷ്യമിട്ടതെന്നാണ് നിഗമനം
സ്‌ഫോടനത്തിന് പിന്നിലെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഐ.എസുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് നേരത്തെ എൻ.ഐ.എ ചോദ്യംചെയ്തയാളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജമേഷ മുബിനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്.
രാത്രി 11.45ന് സിസിടിവിയിൽ റെക്കോഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ട്. സ്ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ ആകാം ഇതെന്നാണ് സൂചന.
ഞായറാഴ്ച പുലർച്ചെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിൻഡറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കാർ രണ്ടായി പിളരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു.എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബിനെ ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് 2019-ൽ എൻ.ഐ.എ. ചോദ്യംചെയ്തത്. എന്നാൽ ഇയാൾക്കെതിരേ ഇതുവരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ