കോയമ്പത്തൂർ: കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണം എൻഐഎ ഇന്ന് തന്നെ ഏറ്റെടുത്തേക്കും. എൻഐഎ സംഘം കോയമ്പത്തൂരിലെത്തി. എൻഐഎ ഡിഐജി കെ ബന്ദന, എസ്‌പി ശ്രീജിത്ത് എന്നിവരാണ് കോയമ്പത്തൂരിലെത്തിയത്. മുതിർന്ന തമിഴ് പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തി.

കോയമ്പത്തൂർ സ്‌ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് പൊലീസ് കണ്ടെടുത്തു.'തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം', 'സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം' എന്നിങ്ങനെയാണ് സ്‌ഫോടനത്തിന്റെ തലേദിവസം ജമേഷ മുബീൻ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്‌സ് ആപ്പ് സ്റ്റാറ്റസ് മറുനാടന് കിട്ടി. നിർണ്ണായക വിവരങ്ങളാണ് പുറത്തേു വരുന്നത്.

മുബിന്റെ വാട്‌സാപ്പ് ചാറ്റിൽ നിന്ന് ഗൂഢാലോചന വ്യക്തമാണ്. ഖിലാഫ് ജി എഫ് എക്‌സ് എന്ന സോഷ്യൽ മീഡിയാ പോജാണ് ദക്ഷിണേന്ത്യയിൽ ഐസിസ് തീവ്രവാദം പ്രചരിപ്പിച്ചിരുന്നത്. ഇതിൽ പ്രേരണയുൾക്കുള്ളന്ന വാചകങ്ങളാണ് മുബിന്റെ സ്റ്റാറ്റസ്. അറസ്റ്റിലായ മുബിൻ തൃശൂരിലെ വിയ്യൂർ ജയിലിലെത്തി ശ്രീലങ്കൻ സീരിയൽ ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ സന്ദർശിച്ചതും ഗൗരവത്തോടെ അന്വേഷണ സംഘം എടുക്കുന്നു. അറസ്റ്റിലായ പ്രതികളിൽ ഒരാളും മുബിനെ അനുഗമിച്ചിരുന്നു. ഖിലാഫ് ജിഎഫ് എക്‌സ് എന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പിലെ പ്രധാനിയാണ് വിയ്യൂർ ജയിലിലുള്ള മുഹമ്മദ് അസറുദ്ദീൻ.

മുബിൻ മെക്കാനിക്കൽ എഞ്ചിനിയറാണ്. വിവാഹിതനായ ഇയാൾക്ക് രണ്ടു കുട്ടികളുമുണ്ട്. വിയ്യൂർ ജയിലിലെ തീവ്രവാദി നേതാവിനെ കോയമ്പത്തൂരിലെ നിരവധി യുവാക്കൾ സന്ദർശിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങളെല്ലാം കേന്ദ്ര ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. അസറുദ്ദീന്റെ അടുത്ത അനുയായിയാണ് മുബിൻ. അറസ്റ്റിലായ പ്രതികളിൽ ഒരാൾ അൽഉമ നേതാവ് ബാഷയുടെ ബന്ധുവാണ്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകനാണ് അറസ്റ്റിലായ മുഹമ്മദ് ധൽഹ. 1998ലെ കോയമ്പത്തൂരിലെ സ്‌ഫോടന പരമ്പര കേസിൽ നവാബ് ഖാനും ശിക്ഷിക്കെപ്പെട്ടിരുന്നു. 24 കൊല്ലത്തിന് ശേഷം കോയമ്പത്തൂരിൽ തീവ്രവാദികൾ മറ്റൊരു സ്‌ഫോടനം ആസൂത്രണം ചെയ്യുമ്പോൾ അതിൽ നവാബ് ഖാന്റെ മകനും പ്രതിയാകുന്നു. 1998ൽ ബിജെപി നേതാവ് അദ്വാനിയെ വകവരുത്താനായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തത്.

അച്ഛനെ പോലെ മകനും സഞ്ചരിച്ചത് തീവ്രവാദ വഴിയിലാണെന്ന സൂചനയാണ് ഇതിന് കാരണം. എന്നാൽ 1998ലേതിന് സമാനമായി വിചാരിച്ച പോലെ ഇപ്പോൾ കാര്യങ്ങൾ നടന്നില്ല. അന്ന് അറുപത് പേരാണ് മരിച്ചത്. മാർച്ചിൽ ജയിലിലുള്ള നവാബ് പരോളിൽ വീട്ടിലെത്തിയിരുന്നു. നവാബ് ഖാനും ഇവരെ തീവ്രവാദത്തിലേക്ക് അടുപ്പിച്ചോ എന്ന സംശയമുണ്ട്. മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം, ചാർക്കോൾ, അലുമിനിയം പൗഡർ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നു.

പ്രതികൾ വൻ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേഷയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ രേഖകൾ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്റ്റ്രേറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടിൽ നിന്ന് 75 കിലോ സ്‌ഫോടന വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. അഞ്ചിലേറെ പേരെക്കൂടി കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ഉപയോഗിച്ച വസ്തുക്കൾ പ്രതികൾക്ക് എവിടെ നിന്ന് കിട്ടിയെന്നതിൽ അന്വേഷണം നടക്കുകയാണ്.

പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയെന്ന് കോയമ്പത്തൂർ കമ്മീഷണർ വി.ബാലകൃഷ്ണൻ അറിയിച്ചു. വർഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 20 പേരെ ചോദ്യം ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നിലവിൽ അറസ്റ്റിലായ പ്രതികളിൽ ചിലർ കേരളം സന്ദർശിച്ചിട്ടുണ്ട്. കേരളം സന്ദർശിക്കാനിടയായ സാഹചര്യം എന്താണെന്ന് അന്വേഷിച്ച് വരികയാണ്. 2019ൽ എൻഐഎ ചോദ്യം ചെയ്തവരുൾപ്പെടെ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.