കണ്ണൂർ: വിസ്മയ പാർക്കിലെ വേവ്പൂളിൽ 22 വയസുകാരിയായ യുവതിയെ കയറിപ്പിടിച്ച കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദാണ്(51) അറസ്റ്റിലായത്. തിങ്കളാഴ്‌ച്ച വൈകുന്നേരം മൂന്നോടെ പറശിനിക്കടവ് വിസ്മയ പാർക്കിലാണ് സംഭവം നടന്നത്.

പ്രൊഫ: ഇഫ്തിക്കർ അഹമ്മദ് കുടുംബസമേതമാണ് വിസ്മയ പാർക്കിൽ ഉല്ലാസത്തിനെത്തിയത്. മലപ്പുറം സ്വദേശിനിയും കുടുംബസമേതമാണ് വന്നത്. വേവ്പൂളിൽ വെച്ച് ഇഫ്തിക്കർ അഹമ്മദ് ആഘോഷത്തിനിടെ യുവതിയെ കയറിപ്പിടിച്ചെന്നാണ് ഉയർന്ന ആരോപണം. ഇവർ ബഹളം വെച്ചതോടെ പാർക്ക് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് പരിയാരം പൊലിസ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ ലൈംഗികാരോപണം നേരിട്ടയാളാണ് ഇപ്തിക്കർ അഹമ്മദ്. കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന ഡോ. ബി.ഇഫ്തികർ അഹമ്മദിനെ അടുത്തിടെയാണ് തിരികെ എടുത്തത്.

അന്ന് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയായിരുന്നു തിരികെ എടുക്കൽ. ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചും സസ്പെൻഷൻ പുനഃപരിശോധനാ കമ്മിറ്റിയുടെ മിനുട്‌സുമാണ് പരിഗണിച്ചത്. ഇഫ്തികറിനെതിരേ വകുപ്പുതല അന്വേഷണം നടത്തണമെന്നും പരാതിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട അക്കാദമിക് കാര്യങ്ങളിൽ നിന്നും മാറ്റിനിർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം തന്നെ മനഃപൂർവം കുടുക്കാനായിരുന്നുവെന്ന് ഡോ. ബി. ഇഫ്തികർ അന്ന് പറഞ്ഞത്. 'ഇംഗ്ലീഷ് പരീക്ഷ സമയത്ത് ഒരു വിദ്യാർത്ഥിനി കുഴഞ്ഞുവീണിരുന്നു. അദ്ധ്യാപകൻ എന്ന നിലയിൽ ഞാനാണ് മറ്റ് കുട്ടികൾക്കൊപ്പം ആ കുട്ടിയെ പരിചരിച്ചത്. ആശുപത്രിയിലാക്കാനും ഞാൻ തന്നെയാണ് ആംബുലൻസിൽ ഒപ്പം പോയത്. തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്ന് ആ കുട്ടി എനിക്കെതിരെ പരാതി നൽകി. ഈ പരാതിയെല്ലാം ഒരുമിച്ചാണ് സർവകലാശാല സമിതി പരിശോധിച്ചത്. സർവകലാശാല കൈമാറിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് ഞാൻ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം തേടി. ഞാൻ തനിച്ചായിരുന്നില്ല മറ്റ് വിദ്യാർത്ഥികൾക്കൊപ്പമാണ് ആംബുലൻസിൽ ഇരുന്നത്. എല്ലാം എനിക്കെതിരെ ചിലർ ആയുധമാക്കി." എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.