- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ശൂരനാട് ആത്മഹത്യ ചെയ്തത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി അഭിരാമി; കേരള ബാങ്ക് അധികൃതർ വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു; പണം അടക്കാൻ സാവകാശം നൽകാൻ തയ്യാറായില്ലെന്ന് വീട്ടുകാർ
കൊല്ലം: കൊല്ലത്ത് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആത്മഹത്യ. കോളേജ് വിദ്യർഥിനിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
പണം തിരിച്ച് അടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
ലോണെടുത്തിട്ട് 4 വർഷം ആയതേ ഉള്ളൂവെന്നും കോവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നുവെന്നും വാർഡ് മെമ്പർ ഷീജ പറയുന്നു. അജികുമാറിന്റെ ഭാര്യയ്ക്ക് രോഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഒന്നര ലക്ഷം രൂപ ഇവർ ബാങ്കിൽ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ബാങ്ക് അധികൃതർ നോട്ടീസ് പതിക്കുകയായിരുന്നു.
പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മിടുക്കിയായ കുട്ടിയാണ് ജീവനൊടുക്കിയതെന്നും വാർഡ് മെമ്പർ പറയുന്നു. മികച്ച ഭാവിയുള്ള പെൺകുട്ടിയാണ് വീട്ടിലെ സാഹചര്യങ്ങൾ മൂലം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രദേശത്ത് ബാങ്ക് അധികൃതർക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൂത്തുപറമ്പിൽ കേരളാ ബാങ്ക് നടത്തിയ ജപ്തി നടപടിയും വിവാദത്തിൽ ആയിരുന്നു.
കൂത്തുപറമ്പ് പുറക്കളം സ്വദേശി സുഹ്റയുടെ വീടും സ്ഥലവുമാണ് കേരള ബാങ്ക് ബാങ്ക് ജപ്തി ചെയ്തത്. സുഹ്റയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർത്ഥിയുമായ മകളും ഉൾപ്പെടെയുള്ള കുടുംബമാണ് ജപ്തിയോടെ പെരുവഴിയിലായിരുന്നു. പണം തിരിച്ചടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും കേരള ബാങ്ക് അധികൃതർ കനിഞ്ഞില്ല എന്നാണ് സുഹ്റ പരാതിപ്പെട്ടതും.
പ്രളയം, കോവിഡ് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയം അവസാനിച്ചതോടെ മിക്ക ബാങ്കുകളും നോട്ടീസ് അയച്ചിരുന്നു. കേരള ബാങ്കിന്റെ നോട്ടീസുകൾ സർഫാസിയാണ്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിത്. സർഫാസി നോട്ടീസുകളെ ഹൈക്കോടതിയിൽ മാത്രമേ ചോദ്യം ചെയ്യാനാവുകയുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ