അടൂർ: ഓൺലൈൻ കെണിയിൽ കോൺഗ്രസ് നേതാവും പെട്ടു. ദൃശ്യങ്ങൾ വൈറലായി. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ.എസ്‌പിക്ക് പരാതി നൽകി.അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ ഏഴംകുളം അജു ഡിവൈ.എസ്‌പിക്ക് പരാതി നൽകി.

പരാതിയിൽ പറയുന്നത് ഇങ്ങനെ: ജനുവരി ഒന്നിന് ഫോണിലേക്ക് വാട്ട്സാപ്പ് കോൾ വന്നു. വിളിച്ചയാൾ ഹിന്ദിയിൽ സംസാരിച്ചപ്പോൾ പരിചയമില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നാലെ വീഡിയോ കോളിൽ ഒരു സ്ത്രീയെയാണ് കണ്ടത്. ഉടൻ ഫോൺ കട്ട് ചെയ്യുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തുടർന്ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ഗൂഗിൾ പേ ചെയ്യണമെന്നും തുക അയച്ചില്ലെങ്കിൽ നഗ്ന ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കി. പൊലീസിൽ പരാതി നല്കുമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വീണ്ടും വിളിച്ച് അരലക്ഷം രൂപ ആവശ്യപ്പെട്ടു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയായിൽ ഫോട്ടോ മോർഫ് ചെയ്ത് കളവായുണ്ടാക്കിയ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞതോടെയാണ് പരാതി നല്കിയത്. വ്യാജമായി പ്രചരിപ്പിക്കുന്ന വീഡിയോയുടെ ഉറവിടം കണ്ടെത്തി ആളുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.