തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ വാട്‌സ് ആപ്പ് ഉണ്ടാക്കിയതിനെ ചൊല്ലി വിവാദം. കേരളത്തിലെ ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് ഉണ്ടായത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പ് രൂപം കൊണ്ടതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

അതേസമയം താന്‍ അഡ്മിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായത് ഫോണ്‍ ഹാക്കിംഗ് ആണെന്ന് ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു. സംഭവത്തില്‍ അദ്ദേഹം സൈബര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിവാദത്തിന് ആധാരമായ സംഭവം നടന്നത്. ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടൊന്നൊരു വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഇത്തരമൊരു വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നത് ഗോപാലകൃഷ്ണനും.

ഗ്രൂപ്പിന്റെ പേര് കണ്ടാണ് പലരും ഞെട്ടിച്ചത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്. നിലവില്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ഇതില്‍ അംഗങ്ങളായി. ഇതോടെയാണ് ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണന്‍ ഐഎഎസിനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഗ്രൂപ്പ് അതിവേഗം ഡീലീറ്റ് ചെയ്യപ്പെട്ടത്.

ഇതിന് പിന്നാലെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റെ സന്ദേശവും എത്തിയത്. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തു. ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നും സഹപ്രവര്‍ത്തകരെ അദ്ദേഹം അറിയിച്ചു.

സംഭവം വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പ്രതിനിധി വിശദീകരണം തേടി ഗോപാലകൃഷ്ണനെ ബന്ധപ്പെട്ടപ്പോഴും ഹാക്കിംഗാണ് നടന്നത് എന്നാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതതില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും ഐഎഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംഭവം അതീവ ഗൗരവസ്വഭാവമുള്ളതാണ്. സാമുദായത്്തിന്റെ പേരില്‍ മല്ലു ഹിന്ദു ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സാമുദായിക സ്പര്‍ധഉണ്ടാക്കും വിധത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് അതീവ പ്രധാന്യമുള്ള വിഷയമാണ് താനും. ഇതേക്കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ സൈബര്‍ പോലീസ് വിശദമായി അന്വേഷണം നടത്തേണ്ടി വരും.

മുമ്പ് പച്ചവെളിച്ചം എന്ന പേരില്‍ ഒരു വിഭാഗം പോലീസില്‍ പ്രവര്‍ത്തിച്ചത് അടക്കം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് അനുകൂലമായി നിന്ന ചില പോലീസുകാര്‍ക്കെതിരെ നടപടി എടുത്ത ചരിത്രവുമുണ്ട്. ഇങ്ങനെയിരിക്കെയാണ് മതത്തിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടായത് എന്നതും അതീവ ഗൗരവ വിഷയമായാണ്.