കാൺപുർ: ട്രാഫിക് നിയമങ്ങൾ പാലിക്കാതെ യുവ തലമുറ റോഡുകളിൽ കുതിക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇവർ മൂലം കാൽനടയാത്രക്കാർക്കും ബാക്കി വാഹനങ്ങളിൽ പോകുന്ന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. അതുപോലെ നോർത്ത് ഇന്ത്യയിൽ കാണുന്ന പ്രത്യേക കാഴ്ചയാണ് ഓടുന്ന ബൈക്കുകളിൽ കമിതാക്കൾ സാഹസികമായി യാത്ര ചെയ്യുന്നത്. അതുപോലൊരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഓടുന്ന ബൈക്കിലിരുന്ന് പ്രണയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് യുവാവിനും കാമുകിക്കുമെതിരെ അന്വേഷണം തുടങ്ങി കാൺപുർ പോലീസ്. വൈറൽ വീഡിയോയിൽ യുവാവ് തന്‍റെ പങ്കാളിയെ ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിച്ച് പോകുന്നത് കാണാം. ഇന്ധന ടാങ്കിൽ യുവാവിന് അഭിമുഖമായി ഇരുന്നാണ് പങ്കാളി യാത്ര ചെയ്യുന്നത്.

നവാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോ എപ്പോഴാണ് എടുത്തതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാൺപുർ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കാൺപുരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വർഷം ജൂണിൽ, ഓടുന്ന ബൈക്കിൽ 'ടൈറ്റാനിക്' പോസ് ഇടാൻ ശ്രമിച്ചതിന് മറ്റൊരാൾക്കെതിരെ കേസെടുത്തിരുന്നു.

ഇതിനുമുമ്പ് കാൺപൂരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ബൈക്കിൽ അപകടകരമായ വീലി സ്റ്റണ്ട് നടത്തിയതിന് മറ്റൊരാൾക്ക് പിഴ ചുമത്തിയിരുന്നു. 5000 രൂപ പിഴയാണ് അന്ന് യുവാവിനെതിരെ ചുമത്തിയത്. എന്തായാലും വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ഈ ക്യൂട്ട് കപ്പിൾസിന് വേണ്ടി വല വിരിച്ചിരിക്കുകയാണ്.