പത്തനംതിട്ട: കോവിഡ് കെയർ സെന്റർ ജീവനക്കാരിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായിരുന്ന പ്രദീപ് (39) കുടുങ്ങിയത് സോഷ്യൽ മീഡിയ ഉപയോഗത്തെ തുടർന്ന്. പീഡനം കേസായപ്പോൾ ആദ്യമൊക്കെ ചില നേതാക്കളുടെ തണലിൽ നാട്ടിൽ വിലസിയ പ്രതി തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതിന് പിന്നാലെയാണ് നാടുവിട്ടത്. അതുവരെ ഒന്നും ചെയ്യാതിരിക്കാനുള്ള ധാരണ പൊലീസും പാർട്ടി നേതൃത്വവുമായി ഉണ്ടാക്കുകയും ചെയ്തിരുന്നു.

സീതത്തോട്ടിൽ നിന്ന് മുങ്ങിയ മണികണ്ഠൻ കാല മംഗലശേരിൽ വീട്ടിൽ പീതാംബരന്റെ മകൻ മനു എന്ന് വിളിക്കുന്ന പ്രദീപ്(39) മൂന്ന് വർഷമായി ഡൽഹി- ഹരിയാന അതിർത്തിയിലുള്ള ചാവല എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ ഇയാളെ കുടുക്കിയത് സമൂഹ മാധ്യമ ഉപയോഗമായിരുന്നു. സുഹൃത്തിന് വന്ന ഇൻർനെറ്റ് കോളിൽ നിന്നാണ് മൂഴിയാർ പൊലീസ് ഡൽഹിയിലെത്തി പ്രതിയെ പിടിച്ചത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ചവല, ആളുകൾ കൂട്ടമായി പാർക്കുന്ന തെരുവാണ്. ആരോരുമറിയാതെയാണ് പ്രദീപ് ഇവിടെ ജീവിച്ചത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചാണ് നാട്ടിൽ നിന്നും മുങ്ങിയത്. ഭാര്യ അടക്കം കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും ചെയ്തില്ല. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ പ്രതി ഉണ്ടെന്ന സൂചനയിൽ നേരത്തെ പൊലീസ് അവിടെ പരിശോധനകൾ നടത്തിയിരുന്നു.

മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന ഘട്ടത്തിൽ പരിചയപ്പെട്ടവർ അടക്കം ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണ വലയത്തിലായിരുന്നു. ഇതിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് ആപ്പ് മുഖേന വന്ന നെറ്റ് കോൾ സംശയത്തിന് ഇട നൽകി. ഐപി അഡ്രസ് കണ്ടെത്തിയാണ് സ്ഥലം തിരിച്ചറിഞ്ഞത്. തുടർന്ന്, മൂഴിയാർ ഇൻസ്പെക്ടർ കെ എസ് ഗോപകുമാർ, സി.പി.ഓമാരായ ബിനിലാൽ, വിജേഷ് എന്നിവർ ഡൽഹിക്ക് വണ്ടികയറി. മറ്റൊരാളുടെ പേരിൽ തരപ്പെടുത്തിയ വൈഫൈ കണക്ഷൻ ഉപയോഗപ്പെടുത്തിയായിരുന്നു പ്രദീപിന്റെ ഇടപാടുകൾ. താമസ സ്ഥലം കണ്ടെത്തിയ പൊലീസ്, സമീപത്തെ കടയിലെ ജീവനക്കാരെ പറഞ്ഞയച്ച് പ്രദീപ് മുറിയിൽ ഉണ്ടെന്ന് ഉറപ്പാക്കി. ശേഷം മുറിയിലേക്ക് ഇടിച്ചു കയറി. എതിർക്കാനുള്ള യാതൊരു ശ്രമവും പ്രതിയിൽ നിന്നുണ്ടായില്ല. രണ്ടര വർഷത്തിനിടെ ഡ്രൈവിങ് ജോലിയും കൃഷിപ്പണിയും ചെയ്താണ് ജീവിച്ചത് എന്നാണ് പ്രതിയുടെ മൊഴി.

കോവിഡ് കാലത്ത് വോളന്റിയറായി പ്രവർത്തിച്ച പ്രതി ഇതേ ഡ്യൂട്ടി ചെയ്തുവന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാക്കു നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2020 മെയ്‌ 27 നും ജൂലൈ ഒന്നിനുമിടയിലുള്ള കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നവംബർ 14 ന് യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത മൂഴിയാർ പൊലീസ്, പ്രാഥമിക അന്വേഷണത്തിന് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ആങ്ങമൂഴി നിലയ്ക്കൽ ക്വാറന്റീൻ സെന്ററിൽ വച്ചാണ് പീഡനം നടന്നത്. പരിചയത്തിലായ യുവതിയോട് സ്നേഹം നടിച്ച് അടുപ്പം കാട്ടി, മൊബൈൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ചും കല്യാണം കഴിക്കാമെന്ന് ഉറപ്പ് നൽകിയും മെയ്‌ 27 ന് ക്വാറന്റീൻ കേന്ദ്രത്തിന്റെ മുകളിലെ നിലയിൽ എത്തിച്ച ശേഷം ബലമായി പിടിച്ചുനിർത്തി മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു. ജൂൺ 18 ന് ഡ്യൂട്ടിയെ തുടർന്ന് ക്വാറന്റൈനിലായ യുവതിയെ രാത്രി പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോയും ഇയാൾ ഫോണിൽ എടുത്തു.

തുടർന്ന്, ക്വാറന്റൈനിൽ കഴിഞ്ഞുവന്ന രണ്ടാഴ്‌ച്ച കാലയളവിൽ പല തവണ ബലാൽസംഗം ചെയ്തു എന്ന് മൊഴിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ വി എസ് ബിജു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക അന്വേഷണങ്ങളെല്ലാം പൊലീസ് നടത്തിയിരുന്നു. പ്രതിയുടെയും അടുത്ത ബന്ധുക്കളുടെയും യുവതിയുടെയും മൊബൈൽ ഫോൺ വിളികൾ സംബന്ധിച്ച വിശദ വിവരങ്ങൾ, പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ചിരുന്നു. നാടുവിട്ട പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള നടപടികളും പൊലീസ് കൈക്കൊണ്ടു.

ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിന് പ്രതി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. എഫ്ഐആർ റദ്ദ് ചെയ്യാനുള്ള അപേക്ഷയും അറസ്റ്റ് ഒഴിവാക്കണമെന്ന് ഹർജിയും കോടതി നിരാകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് കോന്നി ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തർ നിയോഗിച്ച പൊലീസ് സംഘം ഡൽഹിയിൽ നിന്നും തിങ്കളാഴ്‌ച്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.