- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യൻകുന്ന് എടപ്പുഴയിൽ തോക്കേന്തി മാവോവാദി പ്രകടനവും പോസ്റ്റർ പതിക്കലും; പൊലിസെത്തിയാൽ വെടിവയ്ക്കുമെന്ന് മുന്നറിയിപ്പ്; യു എ പി എ പ്രകാരം കേസെടുത്ത് പൊലീസ്; സംശയിക്കുന്നത് സിപി മൊയ്തീന്റെ നേതൃത്വത്തിലെ സംഘത്തെ
ഇരിട്ടി: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ ടൗണിൽ മാവോവാദികൾ ആയുധമേന്തി പ്രകടനം നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. യു. എ. പി. എ വകുപ്പ്പ്രകാരം കരിക്കോട്ടക്കരി പൊലിസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്‌ച്ച വൈകിട്ട് ആറുമണിയോടെയാണ് ആയുധവുമായി അഞ്ചംഗ മാവോവാദി സംഘം പ്രകടനം നടത്തിയത്. സംഘം വ്യാപകമായി പോസ്റ്റർ പ്രചരണവും നടത്തിയിട്ടുണ്ട്. ജനങ്ങൾക്കിടെയിൽ ലഘുലേഖ വിതരണവും നടത്തിയിട്ടുണ്ട്. ഈമേഖലയിൽ പലതവണ സന്ദർശനം നടത്തിയ സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് ഇവിടെയും എത്തിയതെന്ന നിഗമനത്തിലാണ് പൊലിസ്.
മാരകായുധം ഉയർത്തിയുള്ള പ്രകടനം, പ്രകോപനപരമായ മുദ്രാവാക്യം, കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള ലഘുലേഖ വിതരണം, പ്രസംഗം എന്നിവ നടത്തിയതിനാണ് യു. എ.പി. എ വകുപ്പു ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഇരിട്ടി ഡി.വൈ. എസ്‌പി സജേഷ് വാഴവളപ്പിന്റെ നേതൃത്വത്തിൽ തണ്ടർ ബോൾട്ടിനെ ഏകോപിച്ചു പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്. എടപ്പുഴ ടൗണൽ മുന്നൂറോളം മീറ്ററോളം തോക്കുമേന്തി പ്രകടനവും പോസ്റ്റർ പ്രചരണവും നടത്തിയതിനു ശേഷം പണം നൽകി സമീപത്തെ കടയിൽ നിന്ന് അരി ഉൾപ്പെടെയുള്ള പല വ്യഞ്ജനങ്ങൾ വാങ്ങിയാണ് മാവോവാദി സംഘം മടങ്ങിയത്ണ ഇവർ പോയതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് വിവരമറിഞ്ഞ് പൊലിസ് സ്ഥലെത്തത്തിയത്. നാട്ടുകാരിൽ നിന്നും മൊഴിയെടുത്ത പൊലിസ് സി. പി. ഐ മാവോയിസ്റ്റ് കബനീദളം എന്ന പേരിൽ പതിച്ച പോസ്റ്ററുകൾ നശിപ്പിച്ചു. ടൗണിൽ നിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള കേരള-കർണാടക വനമേഖലയിൽ പൊലിസ് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്രഇന്റലിജൻസ് വിഭാഗവും വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്.
ഇരിട്ടി എടപ്പുഴയിലിറങ്ങിയ മാവോവാദി സംഘം പൊലിസിനെതിരെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി സർക്കാരിനെതിരെ പ്രകടനം നടത്തിയും ലഘുലേഖ വിതരണം ചെയ്തും പോസ്റ്ററൊട്ടിച്ചുമാണ് മടങ്ങിയത്. നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. നിങ്ങളെ ഞങ്ങൾ ഉപദ്രവിക്കില്ല. പാവങ്ങൾക്ക് വെള്ളവും വെളിച്ചവും നിഷേധിക്കുന്നവർക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. തോക്കുകൾ വാനിലിലേക്ക് ഉയർത്തി പ്രകടനമായി എടപ്പുഴ ടൗണിലിറങ്ങിയ മാവോവാദികൾ അമ്പരന്നു നിന്ന പ്രദേശവാസികളോട് പറഞ്ഞതാണിത്. തിങ്കളാഴ്‌ച്ച വൈകുന്നേരം ആറുമണിയോടെയാണ് ടൗണിലേക്കുള്ളകുരിശ് പള്ളി റോഡിൽ നിന്ന് അഞ്ചംഗ മാവോവാദി സംഘം എടപ്പുഴ ടൗണിലെത്തിയത്. ചെറിയ ശബ്ദത്തിൽ മുദ്രാവാക്യമുയർത്തി വരുന്ന സംഘത്തെ കണ്ടപ്പോൾ റോഡരികിലെ വീട്ടിലുണ്ടായിരുന്ന സജി കാപ്പുങ്കൽ മറുനാടൻ തൊഴിലാളികളാണെന്നാണ് ആദ്യം കരുതിയത്. അടുത്തെത്തിയപ്പോൾ ലാൽസലും സഖാവെയെന്നു പറഞ്ഞു അഭിവാദ്യം ചെയ്തു.
ടൗണിലെത്തിയപ്പോൾ മുദ്രാവാക്യത്തിന്റെ ശക്തി കൂടി. മുദ്രാവാക്യം വിളികേട്ടതൊടെ ടൗണിൽ ആളുകൾ കൂടി. 300മീറ്ററോളം റോഡിലൂടെ ജാഥയായി നീങ്ങിയ സംഘം റോഡിൽ നിന്നുകൊണ്ടു സർക്കാരിന്റെ അനീതിക്കും പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന സമീപനത്തിനുമെതിരെ പ്രസംഗിച്ചു. ഇതിനു പിന്നാലെ ലഘുലേഖ വിതരണം ചെയ്യുകയും പോസ്റ്റർ പതിക്കുകയും ചെയ്തു. ഇതിനിടെയി നാട്ടുകാരിലൊരാൾ ഇപ്പോൾ പൊലിസ് വന്നാൽ നിങ്ങൾ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ വെടിവയ്ക്കുമെന്ന മറുപടിയാണ് ഇവരിൽ നിന്നുണ്ടായത്. നേരത്തെ പലതവണ അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാവോവാദികളെത്തിയിരുന്നു. ഇത്തവണ ഇവർ ആയുധങ്ങളുമായി എത്തിയത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം മാത്രമെ ഈക്കാര്യത്തിൽ പൊലിസിനുള്ളൂ. മാവോവാദികൾക്കെതിരെ യു. എ.പി. എ നിയമപ്രകാരം കേസെടുക്കുകയല്ലാതെ അയ്യൻകുന്നിൽ തമ്പടിച്ച സംഘത്തെ കണ്ടെത്താൻ തണ്ടർബോൾട്ടിനോ ആന്റി നക്സൽ സേനയ്ക്കോ കഴിയുന്നില്ല. വനമേഖലയിൽ തമ്പടിച്ചു നിൽക്കുന്ന ഇവരുടെ റെയ്ഡ് പ്രഹസനമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. സി.പി. ഐ മാവോയിസ്റ്റങ്ങ കബനിദളമെന്ന പേരിലാണ് മാവോവാദികൾ എടപ്പുഴ ടൗണിൽ പോസ്റ്ററുകൾ പതിച്ചത്. വന്യമൃഗശല്യം രൂക്ഷമായ മലയോര മേഖലയിലെ പാവപ്പെട്ടവരുടെ കറന്റ് കട്ടുചെയ്യുന്ന സർക്കാർ നടപടി നീതികരിക്കാനാവില്ലെന്നും കറന്റുകട്ടു ചെയ്യാൻ വരുന്നവരെ അടിച്ചോടിക്കണമെന്നും പോസ്റ്ററിൽ പറയുന്നു. വെളിച്ചം മൗലികാവകാശമാണെന്നാണ് ലഘുലേഖയിലും ജനങ്ങളോട് പറയുന്നത്.




