തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് സിപിഎം അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.

അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം എം വർഗീസ് മറുപടി നൽകി. അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുള്ളത് 5 കോടി പത്ത് ലക്ഷം രൂപയാണ്.

ഇഡിയുടെ പരിശോധനയ്ക്കു പിന്നാലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന്് ശേഷമായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിൽ ഒരു കോടി രൂപ ഫിക്‌സഡ് ഡെപ്പോസിറ്റാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു.പണത്തിന്റെ സോഴ്‌സ് അടക്കമുള്ളവ വ്യക്തമാക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിൽ നിന്ന് ആദായനികുതി വകുപ്പ് മൊഴി എടുത്തിരുന്നു. തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. സിപിഎം പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാൽകൃത ബാങ്കുകളിലും ആദായനികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു.