അടൂർ: മൂന്നരവർഷമായി സിപിഎം നേതാക്കൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കടമുറി ഏറ്റെടുക്കാൻ വന്ന യുവതിയെയും ഭർത്താവിനെയും ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് ചികിൽസയിലുള്ള ഭാര്യാപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ് എടുത്തു. സിപിഎം.തെങ്ങമം ലോക്കൽ സെക്രട്ടറി അനു ചന്ദ്രൻ, പഞ്ചായത്തംഗം വിനീഷ്(അപ്പുണ്ണി), മുൻ പഞ്ചായത്തംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന ദിൻ രാജ്, ശ്യാം എന്നിവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്.

കടമുറിയിൽ സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ കാണാതെയായെന്നും ഫർണിച്ചറുകളും രേഖകളും കടയുടമ കൊണ്ടുപോയെന്നും പ്രതികളായ സിപിഎം നേതാക്കൾ ആരോപിക്കുന്നു. ഉടമ അനധികൃതമായി പൂട്ടുപൊളിച്ച് അകത്തു കടന്നുവെന്ന് കാട്ടി തെങ്ങമം അഗ്രികൾച്ചർ ഫാർമേഴ്സ് സൊസൈറ്റി സെക്രട്ടറി ദിൻരാജ് പൊലീസിൽ പരാതി നൽകി. ഈ പരാതിയിന്മേൽ കെട്ടിടം ഉടമയെ അടക്കം പ്രതിയാക്കി കേസെടുക്കാനുള്ള നീക്കം സിപിഎം നിർദേശ പ്രകാരംപൊലീസ് നടത്തുന്നുണ്ടെന്നാണ് വിവരം.

തെങ്ങമം കൊല്ലായ്ക്കൽ ജങ്ഷനിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കടയുടമ കൊല്ലം ശൂരനാട് വടക്ക് കൈലാസത്തിൽ അനിത (39), ഭർത്താവ് ലതീഷ് (45), ലതീഷിന്റെ പിതാവ് സദാശിവൻ (78) എന്നിവർക്കാണ് മർദനമേറ്റത്. എസ്‌ബിഐയുടെ കസ്റ്റമർ സർവീസ് സെന്റർ കടമുടിയിൽ തുടങ്ങാൻ അനിത അപേക്ഷ നൽകിയിരുന്നു. രാവിലെ ഇവിടെ വന്ന കടമുറി തുറന്ന് ഇന്റർനെറ്റ് കണക്ഷൻ വലിക്കാൻ തുടങ്ങുന്നതിനിടെ സിപിഎം നേതാക്കൾ പാഞ്ഞു കയറി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.

കടയിലേക്ക് പാഞ്ഞു കയറിയ ഇവർ ആദ്യം സദാശിവനെ തലങ്ങും വിലങ്ങും തല്ലി. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് പേസ്മേക്കർ ഘടിപ്പിക്കുന്നതിന് ഡോക്ടർ ശിപാർശ ചെയ്തയാളാണ് സദാശിവൻ. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് അനിതയെ മർദിച്ചത്. തടയാൻ ശ്രമിച്ച ലതീഷിനെയും ക്രൂരമായി മർദിച്ചു. അനിതയുടെ പിതാവ് രവിക്കും മർദനമേറ്റുവെന്ന് പറയുന്നു. ഇവരെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി.

അനിതയുടെ പിതാവ് രവിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ടു നില കെട്ടിടം. ഇതിൽ ഒരു മുറി അനിതയ്ക്ക് അടുത്തിടെ രവി എഴുതി നൽകിയിരുന്നു. ശേഷിച്ച കടമുറികളിൽ തുണിക്കട, ഫാൻസി സെന്റർ, ഫിനാൻസിയേഴ്സ് എന്നിവ പ്രവർത്തിക്കുന്നു. ഒന്നാം നിലയിൽ പൂർണമായും കെഎസ്എഫ്ഇ ശാഖാ ഓഫീസ് പ്രവർത്തിക്കുന്നു. കോവിഡ് തുടങ്ങുന്നതിന് മുൻപാണ് അഗ്രികൾച്ചർ റൂറൽ ഫാർമേഴ്സ് സൊസൈറ്റി തുടങ്ങുന്നതിനായി സിപിഎം നേതാക്കൾ കടമുറി വാടകയ്ക്ക് ചോദിക്കുന്നത്.

ചെറിയ തുക അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ, കരാർ എഴുതിയിരുന്നില്ല. അതിന് ശേഷം വാടക നൽകിയിട്ടില്ല. കടമുറി പൂട്ടിക്കിടക്കുകയുമാണ്. ഇതിനിടെ പിതാവ് അനിതയ്ക്ക് ഈ മുറി എഴുതി കൊടുത്തു. ഇവിടെ സ്ഥാപനം തുടങ്ങുന്നതിന് വേണ്ടി മുറി ഒഴിയണമെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.

തുടർന്ന് കഴിഞ്ഞ ദിവസം മുറിയുടെ മുന്നിൽ നിന്ന് ഫാർമേഴ്സ് സൊസൈറ്റിയുടെ ബോർഡ് നീക്കം ചെയ്തു. മുറി വൃത്തിയാക്കുന്നതിന് വേണ്ടിയാണ് ഇന്നലെ അനിതയും ബന്ധുക്കളും വന്നത്. അപ്പോഴാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഹൃദോഗിയായ സദാശിവനാണ് ഏറ്റവും രൂക്ഷമായ മർദനം ഏൽക്കേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ മൂക്കിടിച്ച് തകർത്തിട്ടുണ്ട്. പൊലീസ് കേസെടുത്തു.

തെരഞ്ഞെടുപ്പ് കാലത്ത് ഈ മർദനം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് സിപിഎം നേതാക്കൾ പൊലീസിൽ കൗണ്ടർ പരാതി നൽകിയിരിക്കുന്നത്. ദീർഘകാലമായി പ്രവർത്തിക്കാത്ത, തുറക്കുക പോലും ചെയ്യാത്ത മുറിയിലാണ് 1.72 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത് എന്ന വാദമാണ് സിപിഎം പരാതിയിൽ ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ വേണ്ടി വാദികൾക്കെതിരേ കൗണ്ടർ കേസ് എടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.