കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന ്‌പോക്സോ പ്രകാരം കേസെടുത്ത സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിഅറസ്റ്റിൽ ചെറുതാഴം ഹനുമരമ്പലത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടിൽ മധുസൂദനനെയാണ് (43) വെള്ളിയാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്ക് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വെച്ച് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

അസുഖ ബാധിതനായതിനെ തുടർന്ന് ഇയാൾ ഇവിടെ അഡ്‌മിറ്റായി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്‌ച്ച മുമ്പാണ് ഇയാൾ പെൺകുട്ടിയെ പല തവണകളായി ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അമ്മ സ്‌കൂളിലെത്തി ക്ലാസ് അദ്ധ്യാപികയോട് വിവരമറിയിക്കുകയും തുടർന്ന് സ്‌കൂൾ അധികൃതർ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മെൽബിൻ ജോസിന് പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച ഇൻസ്പെക്ടർ സംഭവം നടന്നത് പരിയാരം സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി പരിയാരം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ഒളിവിൽ പോയ ഇയാളെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പേ പരാതി ലഭിച്ചതിനെ തുടർന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സി പി എം മാറ്റിയത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള മറ്റു ചില പരാതികളും പ്രദേശത്ത് ചർച്ചയായിട്ടുണ്ട്.

പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഎമ്മിന്റെ സൈബർ പോരാളികളിലൊരാളാണ് അറസ്റ്റിലായ കരയടം വീട്ടിൽ മധുസൂദനൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ ഇദ്ദേഹം മുഖ്യമന്ത്രിയുടെ ചിത്രം വെച്ച ഫേസ്‌ബുക്ക് പ്രൊഫൈൽ പേജിലാണ് രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള വിമർശനങ്ങൾ നടത്തിയിരുന്നത്. ഹനുമാരമ്പലം ക്ഷേത്രത്തിലെ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു.

ഇയാൾക്കെതിരെ രണ്ടാഴ്‌ച്ചയ്ക്കു മുൻപെ പരാതിയുയർന്നിരുന്നു. എന്നാൽ പാർട്ടി ഗ്രാമമായ ചെറുതാഴത്ത് പ്രാദേശിക നേതാവ് പോക്‌സോ കേസിൽ കുടുങ്ങിയത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടർന്ന് നേതൃത്വം പരാതി ഒതുക്കി തീർക്കാനും പൊലിസ് കേസ് ഒഴിവാക്കാനും കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് ഇത്തരം പ്രവണതകൾ പാർട്ടിക്കുള്ളിൽ അംഗീകരിക്കാൻ തയ്യാറല്ലാത്ത ചില പ്രവർത്തകർ നേതൃത്വത്തെ ധിക്കരിച്ച് ചൈൽഡ് ലെനിൽ വിവരമറിയിക്കുകയും ചെയ്തു.

ഇതേ സമയം കുട്ടിയുടെ അമ്മയെ കൊണ്ടു സ്‌കൂൾ അധികൃതർക്ക് പരാതി കൊടുപ്പിച്ചതും പാർട്ടി പ്രവർത്തകരായ ചിലരുടെ പ്രേരണയിലാണെന്ന് വിവരമുണ്ട്. മധുസുദനനെതിരെ പാർട്ടി കുടുംബങ്ങളിലെയും പ്രദേശവാസികളായ ചിലരും സമാനമായ രീതിയിൽ ആരോപണവുമായി രംഗത്തുവന്നതോടെ അടിയന്തിര ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയായിരുന്നു. എന്നാൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തിരക്കുള്ളതിനാലാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് നേതൃത്വം പുറമെ പ്രചരിപ്പിച്ചിരുന്നത്.