- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിപ്‌റ്റോ കറൻസി ഇടപാടിൽ പാർട്ടി പുറത്താക്കിയ സിപിഎം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ; പുറത്താക്കൽ പാർട്ടിക്കുള്ളിൽ വിവാദമായതിനെ തുടർന്ന്; 30 കോടിയുടെ ഇടപാടുകൾ നടത്തിയെന്ന് സൂചന; എം.വി ഗോവിന്ദന് കേരളാ കോൺഗ്രസ് നേതാവ് നൽകിയ പരാതി നിർണായകമായി; കോടികളുടെ ഇടപാട് ഇ.ഡി അന്വേഷിച്ചേക്കും
കണ്ണൂർ: കണ്ണൂരിൽ പ്രാദേശിക നേതാക്കളും വർഗ ബഹുജന സംഘടനകളിലെ ഭാരവാഹികളും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നത് സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പരസ്യമായ ചങ്ങാത്തമാണ് തുടർ ഭരണത്തിന് ശേഷം പാർട്ടി പ്രവർത്തകർ ക്വാറി - മണൽ മാഫിയകളുമായും റിയൽ എസ്റ്റേറ്റ് ലോബികളുമായും നാഭി - നാള ബന്ധം വെച്ചുപുലർത്തുന്നത്. അതു ക്കു മേലെ ഒരു പടി കടന്ന് ഓൺലൈൻ തട്ടിപ്പുകളിലും സ്വർണക്കടത്ത് - വ്യാജമദ്യലോബികളുടെ വിഹാരരംഗങ്ങളിലും പാർട്ടി പ്രവർത്തകരുടെ സാന്നിധ്യം ശക്തമായിരിക്കുകയാണ്. പാർട്ടിക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ എതിരാളികളെ താറടിക്കുന്നവരും വ്യക്തിഗത അധിക്ഷേപങ്ങൾ ചൊരിയുന്നവരുമാണ് ഇത്തരം കേസുകളിൽ കുടുങ്ങുന്നത്.
പാടിയോട്ടും ചാലിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഡിവൈഎഫ്ഐ-സിപിഎം പ്രാദേശിക നേതാക്കൾ പാർട്ടിയുടെ സൈബർ സഖാക്കൾ കൂടിയാണെന്നാണ് വിവരം. ഒടുവിൽ പാർട്ടിക്ക് തന്നെ തലവേദന സൃഷ്ടിച്ചതോടെയാണ് ഇവരെ ഗത്യന്തരമില്ലാതെ നേതൃത്വം പുറത്താക്കുന്നത്. കോടികളുടെ ക്രിപ്‌റ്റോ ഇടപാടിൽ ഇവർ പങ്കാളികളായെന്ന് പാർട്ടി ഏരിയാ കമ്മിറ്റി രൂപീകരിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നി. ഏകദേശം മുപ്പതു കോടിയുടെ ഇടപാടുകളാണ് ഇവർ കേരളാ കോൺഗ്രസ് നേതാവിന്റെ മകനായ വിദ്യാർത്ഥിയെ മുൻ നിർത്തി നടത്തിയത്.
ബിസിനസിൽ തെറ്റി പിരിഞ്ഞപ്പോൾ കേരള കോൺഗ്രസ് നേതാവിന്റെ മകനെ ആസൂത്രിതമായ വാഹന അപകടമുണ്ടാക്കി കൊല്ലാൻ ശ്രമിച്ചു വെന്നും ആരോപണമുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടവർക്കെതിരെ പൊലീസ് രഹസ്യാന്വേഷണവും തുടങ്ങിയിട്ടുണ്ട്. കോടികളുടെ ക്രിപ്‌റ്റോ കറൻസി ഇടപാടയായതിനാൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ചേക്കുമെന്ന വിവരമുണ്ട്. കുറ്റാരോപിതരായ നാല് പ്രാദേശിക സിപിഎം - ഡി.വൈ. എഫ്. ഐ പ്രവർത്തകർക്കെതിരെയാണ് പാർട്ടി നേതൃത്വത്തിന്റെ പുറത്താക്കൽ നടപടി. ഇവരിൽ മൂന്ന് പേർ പാടിയോട്ടും ചാൽ ലോക്കൽ കമ്മിറ്റിയംഗങ്ങളും ഒരാൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്.
ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാക്കളെന്ന പരിഗണനയിലാണ് ഇവർ പാർട്ടി മെംപർഷിപ്പിലേക്ക് വരുന്നത്. പാർട്ടിഭാരവാഹികളായതിനാലാണ് നാലുപേർക്കെതിരെയും പാർട്ടി കണ്ണൂർ പാർട്ടിജില്ലാ നേതൃത്വം നേരിട്ട് നടപടിയെടുത്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പെരിങ്ങോം പാടിയോട്ടുചാലിലെ സിപിഎം - ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാക്കൾക്കെതിരെയാണ് പാർട്ടി പുറത്താക്കാൽ നടപടി സ്വീകരിച്ചത് കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സിപിഎം - ഡി.വൈ. എഫ്. ഐ പ്രവർത്തകരായ സേവ്യർ, റംഷ, അഖിൽ, സജേഷ് എന്നിവർക്കെതിരെയാണ് പുറത്താക്കൽ നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.
ഇതിൽ മൂന്നു പേർ സി.പി. എം പാടിയോട്ടുംചാൽ ലോക്കൽകമ്മിറ്റിയംഗങ്ങളും മറ്റൊരാൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്. അഖിൽ മുൻ എസ്. എസ്. ഐ നേതാവ് കൂടിയാണ്. ചെറുപുഴയിലെ പ്രമുഖ കേരള കോൺഗ്രസ് നേതാവിന്റെ മകനുമായി ചേർന്ന് ട്രേഡിങ് ഇടപാട് നടത്തിയതിലാണ് തട്ടിപ്പു നടന്നത്. ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചാണ് ഇടപാട് നടന്നതത്രെ. മുപ്പതുകോടിരൂപയുടെ ഇടപാട് ഇവർ നടത്തിയെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും വരുന്ന വിവരം. ഇതിലൂടെ ഇരുപതു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്.
എന്നാൽ പത്തുകോടി രൂപയുമായി ബന്ധപ്പെട്ട് സി.പി. എമ്മുകാരും കേരള കോൺഗ്രസ് നേതാവിന്റെ മകനും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. നേതാവിന്റെ മകൻ ദേവഗിരി കോളേജ് വിദ്യാർത്ഥി കൂടിയാണ്. തർക്കം നിലനിൽക്കുന്നതിനിടെയിൽ കേരളാ കോൺഗ്രസ് നേതാവിന്റെ മകന് ബൈക്ക് അപകടത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ ഈവാഹനാപകടം ആസൂത്രിതമായി സൃഷ്ടിച്ചതെന്നാണ് ്് ആരോപണവും ഉയർന്നതിനെ തുടർന്ന് പാർട്ടിക്കുള്ളിലും വിവാദമായി.
ഇതേ തുടർന്ന് കേരളകോൺഗ്രസ് നേതാവ് ഒരാഴ്‌ച്ച മുൻപ് തളിപറമ്പിലെത്തിയസി.പി. എം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനെ വീട്ടിൽ പോയി കണ്ടു
പരാതി നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറി സംഭവം അന്വേഷിക്കാൻ ജില്ലാകമ്മിറ്റിയോട് നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാകമ്മിറ്റി നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായിരുന്നു.
ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം സി.പി. എം ഏരിയാകമ്മിറ്റി യോഗം ചേർന്ന് നാലുപേർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. അതിനു ശേഷം പാടിയോട്ടുചാൽ ലോക്കൽകമ്മിറ്റി യോഗം ചേർന്ന് ഏരിയാകമ്മിറ്റി നിർദ്ദേശം അംഗീകരിക്കുകയായിരുന്നു നാലുപേരെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവാദങ്ങൾ കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ് തൊട്ടടുത്ത പെരിങ്ങോം ഏരിയാ കമ്മിറ്റിയിലും സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ സിപിഎം ജില്ലാ നേതൃത്വം സംഭവത്തെ കുറിച്ചു ഇതുവരെ പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല.




