കൂടൽ: കാറിൽ വന്ന കുടുംബത്തെ തടഞ്ഞു നിർത്തി മർദിച്ചത് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. കലഞ്ഞൂർ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൊട്ടന്തറ രാജേഷാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഇയാൾക്ക് വേണ്ടി സിപിഎമ്മിന്റെ സമ്മർദം. സംഭവത്തിന് നിരവധിപ്പേർ സാക്ഷികളായതിനാലും വീഡിയോ പ്രചരിക്കുന്നതിനാലും കർശന നടപടിയുമായി മുന്നോട്ട് നീങ്ങുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഇടത്തറയിലായിരുന്നു സംഭവം. തങ്ങളെ മറികടന്നു പോയ വാഹനം തടഞ്ഞ ശേഷമായിരുന്നു രാജേഷിന്റെ പരാക്രമം. ഇയാൾ മദ്യലഹരിയിൽ നിലത്തു കാലുറപ്പിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് അമ്മയെയും മകനെയും ആക്രമിച്ചത്. ഇവർ കോന്നി താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്.

വിവരമറിഞ്ഞ് കൂടൽ സ്റ്റേഷനിലെ ജിഡി ചാർജ് ഫിറോസ്, സിപിഓ അരുൺ എന്നിവർ സംഭവ സ്ഥലത്ത് ചെന്നു. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ നീയൊക്കെ എന്നെ എന്തു ചെയ്യുമെന്ന് ആക്രോശിച്ചു കൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാർ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസ് വാഹനത്തിലും സ്റ്റേഷനിലും ഇയാൾ പരാക്രമം തുടർന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾക്കെതിരേ കേസ് എടുത്ത് റിമാൻഡ് ചെയ്യും.

അടിപിടി, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് രാജേഷ്. ഇയാൾ പൊലീസ് പിടിയിലായ വിവരം അറിഞ്ഞ് സിപിഎം ഉന്നത നേതാക്കൾ സ്വാധീനം ചെലുത്തിയെങ്കിലും വിജയിച്ചില്ല. കർശന നടപടി എടുക്കാൻ എസ്‌പി ഉത്തരവിട്ടതോടെ നേതാക്കളുടെ പണി പാളി.

കാറിൽ വന്ന വീട്ടമ്മയെയും മകനെയും താൻ തന്നെയാണ് അടിച്ചത് എന്ന് രാജേഷ് പറയുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളും പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തുന്നത് കാണാം.