തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം നീളുന്നതിനിടെയാണ് ആദായനികുതി വകുപ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലുള്ള ബാാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്ന നിർദ്ദേശവും നൽകി. ഇതിനിടെയാണ് ഇപ്പോൾ ഒരു കോടി രൂപ ഇനി സിപിഎമ്മിന് ഉപയോഗിക്കാൻ സാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നത്. ബാങ്കിൽനിന്നു സിപിഎം പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ ആദായ നികുതി വകുപ്പു നോട്ടിസ് നൽകിയതു തുകയുടെ കൃത്യമായ സ്രോതസ്സ് കാണിക്കാത്തതിനാലാണ്. പണത്തിന്റെ സ്രോതസ് കാണിച്ചാൽ പണം പാർട്ടിക്ക് വിട്ടു നൽകിയേക്കും.

സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതുപോലെ ആദായ നികുതി വകുപ്പു ആവശ്യപ്പെട്ടതുകൊണ്ടു തിരിച്ചടയ്ക്കാൻ എത്തിയതല്ല സിപിഎം നേതാക്കൾ. തുക ചെലവാക്കാൻ പറ്റാതിരുന്നതും ആദായ നികുതി വകുപ്പിന്റെ നിയന്ത്രണം ഉണ്ടായിരുന്നതുകൊണ്ടാണ്. വൻ തുകയുടെ ഇടപാടുകൾ നടക്കുമ്പോൾ അത് ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്നു ബാങ്കുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലമായതിനാൽ അതിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

അതനുസരിച്ചാണു സിപിഎം ഒരു കോടി പിൻവലിച്ചപ്പോൾ ആദായ നികുതി വകുപ്പിനു വിവരം കിട്ടിയത്. ഇ.ഡി അന്വേഷണവുമായി ഇതിനു ബന്ധമില്ല. പണം പിൻവലിച്ച ഉടൻതന്നെ സിപിഎം നേതൃത്വത്തോടു പണം എവിടെനിന്നാണ് ഈ അക്കൗണ്ടുകളിലേക്കു വന്നതെന്ന വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.

സ്രോതസിന്റെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. നേതാക്കൾ വ്യാഖ്യാനിച്ചതുപോലെ തുക ആദായ നികുതി വകുപ്പ് അക്കൗണ്ടിലേക്കു തിരിച്ച് അടപ്പിച്ചതല്ല. മതിയായ രേഖകൾ ഹാജരാക്കുന്നതു വരെ കണ്ടുകെട്ടിയതാണ്. നിശ്ചിത സമയത്തു രേഖ ഹാജരാക്കുകയോ കൃത്യമായ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ തുക പിടിച്ചെടുക്കും. മാത്രമല്ല കള്ളപ്പണം സൂക്ഷിച്ചതിനുള്ള കേസുകളും വരും. ഇത്തരം പ്രതിസന്ധികൾക്ക് നടുവിലാണ് സിപിഎം.

പണം വന്ന വഴി ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താൻ പാർട്ടിക്കു കഴിയണം. ഒരു കോടി രൂപ ബാങ്കിൽ കിടന്നിട്ടും ആദായനികുതി വകുപ്പിനു കൃത്യമായ വിവരം നൽകാത്തതിനു നിയമാനുസൃതമായ മറുപടി നൽകണം. അംഗങ്ങൾ നൽകിയ ലെവിയും ജനങ്ങളുടെ സംഭാവനയും എന്നാണു പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വിശദീകരിച്ചത്. എന്നാൽ ഇത്തരം രേഖയില്ലാ വിശദീകരണം ആദായ നികുതി വകുപ്പിനോടു പറയാനാകില്ല.

തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്നാണ് ജില്ലാ സെക്രട്ടറി എം.എം വർഗീസ് പറയുന്നത്. ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് കാരണം. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രമെന്നും എംഎം വർഗീസ് പറഞ്ഞിരുനന്ു. തിരഞ്ഞെടുപ്പ് സമയത്താണ് സിപിഎം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഒരു കോടി രൂപ പിൻവലിക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിയമവിധേയമായ ചെലവ്ക്ക് വേണ്ടിയാണ് പണം പിൻവലിച്ചത് എന്നാണ് സിപിഎം നേതൃത്വം പറഞ്ഞത്.

അതിനിടെ തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിലെ പ്രതികൾ കള്ളപ്പണം സംസ്ഥാനത്തിനു പുറത്തു റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സാക്ഷിമൊഴികളിൽ ഇക്കാര്യം വ്യക്തമായതിനെ തുടർന്നു തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വായ്പത്തട്ടിപ്പിലൂടെ രാഷ്ട്രീയ നേതാക്കൾ കൈവശപ്പെടുത്തിയ പണമാണു സംസ്ഥാനത്തുനിന്നു പുറത്തേക്കു കടത്തി നിക്ഷേപിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന വിവരം.