തിരുവനന്തപുരം: എ.കെ.ജി സെന്റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് കസ്റ്റഡിലായത് ചെറിയ ആശ്വാസമൊന്നുമല്ല സിപിഎമ്മിനും സർക്കാരിനും നൽകിയിരിക്കുന്നത്. മാസങളായി മാധ്യമങ്ങളും, പ്രതിപക്ഷവും,സോഷ്യൽ മീഡിയയുമടക്കം നിരന്തരമായി ഉന്നയിക്കുന്ന കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ ഇതിലൂടെ കഴിഞ്ഞു എന്നത് യാഥാർത്ഥ്യം. പക്ഷേ കേസിന്റെ മുന്നോട്ടുള്ള ഭാവി എന്താണെന്നൊന്നും ചോദിക്കരുത്. പ്ര്തിയേ പിടിച്ചോന്നു ചോദിച്ചാൽ പിടിച്ചു.അത്ര തന്നെ.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെ കൂട്ടിവായിച്ചു നോക്കിയാൽ സംസ്ഥാനത്താകമാനമുള്ള സിപിഎം പാർട്ടി ഓഫീസ് ആക്രമണ കേസിലെ പ്രതികളെ ഓടിച്ചിട്ട് പിടിക്കുന്ന തിരക്കിലാണ് പൊലീസ്. അതിനി അങ്ങ് ദുബായിൽ നിന്നാണെങ്കിൽ അങ്ങനെയും. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതി നാദാപുരം പുറമേരി കൂരാരത്ത് നജീഷാണ് (40) 5 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടിയിലായിരിക്കുന്നത്. 2017 ജൂൺ 9നു നടന്ന സംഭവത്തിലെ ഒന്നാം പ്രതി ഷിജിൻ, രണ്ടാം പ്രതി എൻ.പി.രൂപേഷ് എന്നിവരെ 2018 നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. നജീഷ് സംഭവത്തിനു ശേഷം ദുബായിലേക്കു കടക്കുകയായിരുന്നു.

ലുക്കൗട്ട് നോട്ടിസും ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചതിനെ തുടർന്നു ദുബായ് പൊലീസ് പിടികൂടി നജീഷിനെ ഇന്ത്യയിലേക്കു കയറ്റിവിടുകയായിരുന്നു. അഞ്ച് വർഷത്തിന് മുമ്പുള്ള കേസിൽ പ്രതി പിടിയിലാകുന്നത് ഇപ്പോളാണ്. ഇനി കേസിന്റെ വിചാരണ പൂർത്തിയായി ശിക്ഷ വിധിക്കുന്നപോൾ ഇനിയുമെടുക്കും അഞ്ച് വർഷത്തിന് മുകളിൽ,ചിലപ്പോൾ അതിലും കൂടുതൽ. വിചാരണ സമയത്ത് കേസിന് ആവശ്യമായ തെളിവുകൾ ഉണ്ടോ എന്ന് പോലും സമൂഹം ചർച്ച ചെയ്യില്ല എന്ന് പിടിക്കുന്നവർക്കും പിടിക്കപ്പെടുന്നവർക്കും വ്യക്തമായ ബോധ്യമുണ്ടാവും.

സമൂഹത്തിന്റേയും മാധ്യമങ്ങളുടേയും മുന്നിൽ പ്രതിയെ കിട്ടിയോ എന്ന ചോദ്യത്തിന് മാത്രം ഉത്തരം നൽകേണ്ടുന്ന ബാധ്യതയെ ഭരണകൂടത്തിനും പൊലീസിനും ബാക്കിയാവുന്നുള്ളൂ എങ്കിൽ ഇട്ട ടീ ഷർട്ടിന്റേയും ഷൂവിന്റേയുമൊക്കെ പേരിൽ നമുക്ക് ഇനിയും പ്രതികളെ പിടിച്ചു കൂട്ടിക്കൊണ്ടേയിരിക്കാം ഒന്നുമില്ലെങ്കിൽ അതിലൂടെ താൽക്കാലികമായി രാഷ്ട്രീയലാഭവും പേരുദോഷം മാറ്റലുമെങ്കിലും നടക്കുമല്ലോ എന്ന തരത്തിലാണ് ചർച്ചകൾ

എകെജി സെന്റർ കേസിലെ അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ്സ് നേതാവ് ജിതിൻ ഇതിനോടകം തന്നെ കുറ്റം നിഷേധിച്ച് കഴിഞ്ഞു. താൻ കുറ്റക്കാരനല്ലെന്നും കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നുമാണ് ജയിലിൽനിന്നു വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ജിതിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

എകെജി സെന്ററിനു നേരെ പടക്കമെറിയാൻ പ്രതി എത്തിയ സ്‌കൂട്ടറാണു കേസിലെ നിർണായക തെളിവ്. ഇതു കണ്ടെത്തേണ്ടതുണ്ട്. സംഭവസമയത്തു പ്രതി ധരിച്ചിരുന്ന ടീഷർട്ടും ഇതുവരെയും കണ്ടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ വിവാദത്തിൽപ്പെട്ട കേസായതിനാലും തന്നെ കുടുക്കിയതാണെന്നു ജിതിൻ പരസ്യമായി ആരോപണം ഉന്നയിച്ചതിനാലും തെളിവുകൾ ലഭിക്കാതെ അന്വേഷണസംഘത്തിന് മുന്നോട്ടുപോകുക ദുഷ്‌കരമാണ്.

വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ കേസുകൾ കോടതി വരാന്തയിൽ പോലുമെത്താതെ പോകുന്നത് ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. വിമാനത്തിലെ 'വധശ്രമം' ഉൾപ്പെടെയുള്ള കേസുകളിൽ പൊതുസമൂഹം അതിന് സാക്ഷ്യം വഹിച്ചതുമാണ്.