പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം. യുവമോര്‍ച്ച ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ യദു കൃഷ്ണനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു. ബിജെപി വിട്ട് പാര്‍ട്ടിയില്‍ എത്തിയവര്‍ക്കെതിരെ ഇനിയും ഇത്തരം ഗൂഢാലോചന പ്രതീക്ഷിക്കുന്നുവെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കോന്നി മൈലാടും പാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് യദുവില്‍ നിന്ന് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചിരുന്നു. എന്നാല്‍ കഞ്ചാവുമായി യദുകൃഷ്ണനെ എക്സൈസ് പിടികൂടിയിട്ടില്ല എന്നാണ് സിപിഎമ്മിന്റെ വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നു. അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. സിപിഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നതെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നു.

കാപ്പാ വിവാദം കെട്ടടങ്ങും മുമ്പേയാണ് കഞ്ചാവ് കേസും എത്തുന്നത്. ആകെ പ്രതിരോധത്തിലായപ്പോള്‍ സ്വന്തം സര്‍ക്കാരിന് കീഴിലെ എക്‌സൈസിന് മേല്‍ എല്ലാം കെട്ടിവെച്ച് തലയൂരുകയാണ് സിപിഎം നേതൃത്വം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനും 62 പേരും സിപിഎമ്മില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ ശരണിനൊപ്പം നില്‍ക്കുന്ന യദു കൃഷ്ണനെന്ന യുവാവിനെ രണ്ട് ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. കുമ്പഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എക്‌സൈസ് സംഘമെത്തി പരിശോധിച്ച് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തിലും വിട്ടിരുന്നു. പുകവലിക്കുന്നതിന്റെ ഭാഗമായി യദു സൂക്ഷിച്ചിരുന്ന രണ്ടരഗ്രാം കഞ്ചാവ കണ്ടെടുത്തു എന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കുന്നത്.

എന്നാല്‍ യദു കൃഷ്ണനെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. ബിജെപി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ എസ്പിക്കും എക്‌സൈസ് മന്ത്രിക്കും പരാതി നല്‍കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനെ മന്ത്രി വീണ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചതിന്റെ വിവാദം തീരും മുന്‍പാണ് കഞ്ചാവ് കേസ് കൂടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്.