കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സന്ദര്‍ശിച്ച് സി.പി.എം. നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. നാല് പ്രതികളും അല്‍പ്പസമയത്തിനകം ജയിലില്‍ നിന്ന് പുറത്തിറങ്ങും. നേരത്തെ കൊലക്കേസ് പ്രതികളെ ജയിലില്‍ എത്തിച്ചപ്പോള്‍ സിപിഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പടെ നേരിട്ട് വന്ന് കണ്ടിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്രതികളെ ജയിലിന് പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ച് സ്വീകരിച്ചത്.

ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചത് എല്ലാവരും പ്രതീക്ഷിച്ച കാര്യമാണ് എന്ന് പ്രതികളെ സന്ദര്‍ശിച്ചശേഷം പി.കെ. ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. ഈ നാലുപേരുടെ കാര്യത്തില്‍ മേല്‍ക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് എം.വി. ഗോവിന്ദന്‍ ഇന്നലെ തന്നെ പറഞ്ഞതാണ് എന്നും ശ്രീമതി പറഞ്ഞു. പ്രതികളെ കാണാനെത്തിയത് മനുഷ്യത്വപരമായ കാര്യമാണെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ശിക്ഷ മരവിക്കപ്പെട്ട നാല് പ്രതികളേയും അഞ്ചുവര്‍ഷം തടവിനാണ് സി.ബി.ഐ. കോടതി ശിക്ഷിച്ചിരുന്നത്. പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വിഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്. സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഇവരുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. സി.ബി.ഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹര്‍ജിയില്‍ തുടര്‍വാദം. എന്നാല്‍ ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തതോടെ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കള്‍ക്ക് ഇന്ന് തന്നെ ജയില്‍മോചിതരാകാം.

ഇവര്‍ക്കൊപ്പം കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ മുന്‍പാകെ എത്തിയിട്ടില്ല. കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്.

14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണു ഹൈക്കോടതി മരവിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാന്‍ കാരണമായത്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്ന സമയം ജീപ്പിലെത്തിയ അക്രമികള്‍ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ 14 പ്രതികളുണ്ടായിരുന്നു. പിന്നീട് കേസ് സിബിഐ അന്വേഷിച്ചപ്പോള്‍ കുഞ്ഞിരാമന്‍ അടക്കം പ്രതികള്‍ 24 ആയി. എന്നാല്‍ വിചാരണ കോടതി ഇതില്‍ പ്രതികളെ വെറുതെ വിടുകയും 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കുകയുമായിരുന്നു. ഇതില്‍ 5 വര്‍ഷം ശിക്ഷ കിട്ടിയവരായിരുന്നു കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍.