കണ്ണൂർ: പയ്യന്നൂരിൽ സി.പി. എം പ്രാദേശിക നേതാക്കൾ വികസനത്തിന്റെ മറവിൽ ബുൾഡോസർരാജ് നത്തുന്നതായി പരാതി. മതിലുകൾ പൊളിച്ചുള്ള റോഡു നിർമ്മാണത്തിന്റെ പേരിലുള്ള കൈയേറ്റം വിലക്കിയ കോടതി ഉത്തരവുകൾ അട്ടിമറിച്ചാണ് നിർമ്മാണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുവരെയായി ഏഴുവീടുകളുടെ മതിലുകളാണ് ജെസിബി ഉപയോഗിച്ചു പൊളിച്ചു മാറ്റിയത്. ഉടമകൾ ഇതു തടയണമെന്ന് ആവശ്യപ്പെട്ടിട്ടും പയ്യന്നൂർ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നത്.

പെരുമ്പ-മണിയറ-മാതമംഗലം റോഡിൽ മുതിയലത്താണ് സംഭവം. ബുധനാഴ്‌ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് പൊളിക്കൽ തുടങ്ങിയത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അറുപതു കോടി രൂപ ചെലവഴിച്ചു പെരുമ്പ മുതൽ മണിയറ വഴി മാതമംഗലം വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിൽ എട്ടുമീറ്റർ റോഡ് പന്ത്രണ്ടു മീറ്ററായി വികസിപ്പിച്ചുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നഷ്ടപരിഹാരം പോലും ലഭിക്കാതെ സ്ഥലം വിട്ടുകൊടുക്കേണ്ട അവസ്ഥയിലാണ് സ്ഥലഉടമകൾ പ്രതിഷേധവുമായി രംഗത്തുവന്നത്. മുക്കാൽ സെന്റോളം സ്ഥലത്ത് പീടികയുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇതിനാൽ സ്ഥലമറ്റെടുക്കലിനെതിരെ അമ്പലത്തറ പ്രദേശത്തെ ചില വീട്ടുകാർ ഉൾപ്പെടെ അൻപതോളം പേർ പൊളിച്ചു മാറ്റലിനെതിരെ ഹൈക്കോടതിയെയും പയ്യന്നൂർ മുൻസിഫ് കോടതിയെയും സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതികൾ മതിൽ പൊളിച്ചുള്ള കൈയേറ്റം വിലക്കിയത്. ഇതിനിടെയാണ് പിറ്റേ ദിവസം വീണ്ടും പൊളിക്കൽ നടത്തിയത്. അഞ്ചുപേരുടെ വീട്ടുമതിലുകളാണ് പൊളിച്ചു മാറ്റിയത്. ഇതിനെതിരെ മതിൽ പൊളിക്കിരയായ ശരണ്യ ദീപു പയ്യന്നൂർ പൊലിസിൽ പരാതി നൽകിയിരുന്നുവെങ്കിലും സി.പി. എം പ്രാദേശിക നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പൊലിസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. വിഷയം ജില്ലാകലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ജില്ലാകലക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫിസർ അന്വേഷണം നടത്തിയെങ്കിലും വീണ്ടും വെള്ളിയാഴ്‌ച്ച രാവിലെ മണിയറ റോഡിലുള്ള ഒരു വീട്ടുമതിൽ കൂടി പൊളിച്ചു മാറ്റുകയായിരുന്നു. മണിയറയിലെ റംസാൻകുട്ടിയുടെ വീട്ടുമതിലാണ് ജെ.സി.ബി ഉപയോഗിച്ചു പൊളിച്ചു മാറ്റിയത്.

വികസനത്തിന് തങ്ങൾ തടസമല്ലെന്നും ലക്ഷങ്ങൾ വിലയുള്ള ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാണ് സ്ഥലം പോകുന്ന വീട്ടുകാരുടെ ആവശ്യം. എന്നാൽ ഇവരെ പ്രാദേശിക സി.പി. എം പ്രവർത്തകർ വീട്ടിൽ കയറി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും പുറത്തിറങ്ങാൻ വിടില്ലെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്യുന്നുണ്ട്. പരാതി നൽകിയാൽ പിന്നെ നാട്ടിൽ ജീവിക്കാൻ വിടില്ലെന്നാണ് ഇവർ പറയുന്നത്. ഇതുകാരണം പയ്യന്നൂരിലെ വികസനത്തിന് ഇരയായ കുടുംബങ്ങൾ അരക്ഷിതാവസ്ഥയിലാണ്്. കോടതി വിധി അട്ടിമറിച്ചു കൊണ്ടു സി.പി. എം പ്രവർത്തകർ ബുൾഡോസർ രാജ് നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലിസ് നോക്കുകുത്തിയായി കൈയുംകെട്ടി നോക്കിനിൽക്കുകയാണെന്നാണ് ഇവർ പറയുന്നത്.



മതിലുകൾ പൊളിച്ചുള്ള കൈയേറ്റം വിലക്കിയ കോടതി ഉത്തരവുകൾ അട്ടിമറിച്ചു കൊണ്ടു പയ്യന്നൂരിൽ നടക്കുന്നത് യു.പി മോഡൽ ബുൾഡോസർ രാജാണെന്നാണ് ഇവർ ആരോപിക്കുന്നത്. അനുവാദമില്ലാതെ തന്റെ വീട്ടുമതിൽ പൊളിച്ചതിനെതിരെ മണിയറ-മാതമംഗലം റോഡിൽ മുതിയലത്തെ രുഗ്മിണി അമ്മ പയ്യന്നൂർ മുൻസിഫ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധിയുണ്ടായിട്ടും അതിനെ അട്ടിമറിച്ചു കൊണ്ടു മതിലുകൾ പൊളിച്ചതിനെതിരെ ജില്ലാകലക്ടർ എസ്. ചന്ദ്രശേഖർ, റോഡ് നിർമ്മാണ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനിയർ, ജനകീയ കമ്മിറ്റി കൺവീനർ, റോഡ് നിർമ്മാണ്ം ഏറ്റെടുത്ത കൺസ്ട്രക്ഷൻ കമ്പനി എന്നിവരെ കക്ഷികളാക്കിയാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

വികസനത്തിന് തടസം നിൽക്കുന്നവർ നാടിനെ വെല്ലുവിളിക്കുന്നവരാണെന്നും ഇവരെ നേരിടണമെന്നുമുള്ള ഭീഷണി സ്വരത്തിലുള്ള സന്ദേശങ്ങൾ സി.പി. എം പ്രവർത്തകരുടെ സോഷ്യൽമീഡിയയൽ പ്രചരിക്കുന്നുണ്ട്. പൊളിക്കാൻ ഉദ്ദേശിക്കുന്ന വീട്ടുടമകളുടെ പേരുകൾ മുൻഗണനാ പ്രകാരം തയ്യാറാക്കിയാണ് പൊളിക്കൽ നടക്കുന്നത്. റോഡുവികസനത്തിന് തടസം നിൽക്കുന്നവരുടെ വീടിനു മുൻപിൽ വലിയ കുഴികൾ കുഴിച്ചുവെച്ചു അവരെ പുറത്തിറങ്ങാൻ വിടില്ലെന്ന ഭീഷണിയും സി.പി. എം സൈബർ സഖാക്കൾ ഉയർത്തുന്നുണ്ട്.