- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാജേഷ് കൈയില്‍ കരുതിയത് പെട്രോള്‍ നിറച്ച കുപ്പി; വീട്ടിനുള്ളില്‍ കയറി തീകൊളുത്തി കൊല്ലാന്‍ ആദ്യ ശ്രമം; ദിവ്യശ്രീ ബഹളം വെച്ച് പുറത്തേക്ക് ഓടിയതോടെ പിറകേ എത്തി വെട്ടി; പ്രണയവിവാഹിതര്‍ തമ്മില്‍ തെറ്റിയത് സാമ്പത്തിക വിഷയത്തില്‍; അരുംകൊലയില്‍ ഞെട്ടി നാട്
രാജേഷിന്റെ കൈയില്‍ കരുതിയത് പെട്രോള്‍ നിറച്ച കുപ്പി
കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് അരുംകൊല ചെയ്തതിന്റെ ഞെട്ടലിലാണ് നാട്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അരുംകൊല നടന്നത്. ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന അവസ്ഥ വന്നപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് രാജേഷില്‍ പ്രതികാരം വിതച്ചതും അരുംകൊല ചെയ്തതും. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന്‍ സി.പി.ഒ കരിവെള്ളൂര്‍ പലയേരിക്കൊവ്വല്‍ സ്വദേശിനി ദിവ്യശ്രീ( 30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
പെയിന്റിംഗ് തൊഴിലാളിയാണ് ഭര്‍ത്താവ് രാജേഷ്. ദിവ്യശ്രീയുടേത് പ്രണയ വിവാഹമായിരുന്നു. ദിവ്യശ്രീയുടെ പിതാവ് കെ.വാസുവിന് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ഭാര്യയെ കൊലപ്പെടുത്തുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെയാണ് രാജേഷ് എത്തിയത്. രാജേഷിന്റെ കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമുണ്ടായിരുന്നു. കത്തിച്ചു കൊലപ്പെടുത്താനായിരുന്നു പദ്ധതി. വീട്ടിനുള്ളില്‍ കയറി തീകൊളുത്തി കൊല്ലാനായിരുന്നു ശ്രമം. ദിവ്യശ്രീ ചെറുക്കുകയും ബഹളംവച്ച് പുറത്തേക്ക് ഓടുകയും ചെയ്തതോടെ പിറകെ എത്തി വെട്ടുകയായിരുന്നു. ദിവ്യശ്രീയുടെ വീട്ടില്‍ കയറിയ രാജേഷ് കണ്ടപാടെ ഭാര്യയെ ആക്രമിക്കുകയായിരുന്നു.ഗേറ്റിനടുത്ത് വെട്ടുകൊണ്ടുവീണ യുവതിയെ നാട്ടുകാര്‍ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പ്രണയവിവാഹിതരായ ഇരുവരും സമീപകാലത്തായി സാമ്പത്തികവിഷയം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അകല്‍ച്ചയിലായിരുന്നു. ഇന്നലെ കണ്ണൂര്‍ കുടുംബ കോടതി ഇവരുടെ കേസ് പരിഗണിച്ചിരുന്നു. കോടതിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രാജേഷിന്റെ അക്രമം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും തമ്മില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല.
മകളെ അക്രമിക്കുന്നത് തടയാന്‍ ഓടിയെത്തിയ റിട്ട. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ വാസുവിന് വയറിനും കൈക്കും വെട്ടേറ്റു.കൃത്യം നടത്തിയശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട രാജേഷിനെ മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ പുതിയ തെരുവില്‍ വച്ച് വളപട്ടണം പൊലീസ് പിടികൂടി. വിവരമറിഞ്ഞ് കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു.തിരുവനന്തപുരം ബറ്റാലിയന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീ വര്‍ക്കിംഗ് അറേഞ്ച്മെന്റ് പ്രകാരമാണ് ഒന്നര വര്‍ഷത്തോളം ചന്തേര പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പാണ് ബറ്റാലിയന്‍ യൂണിറ്റിലേക്ക് തന്നെ ദിവ്യശ്രീയെ തിരിച്ചുവിളിച്ചത്. കുടുംബ കോടതിയിലെ കേസിന്റെ ഭാഗമായും ശബരിമല ഡ്യൂട്ടിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനായുമുള്ള സാധനങ്ങള്‍ ക്രമീകരിക്കാനുമാണ് രണ്ടു ദിവസത്തെ അവധിക്ക് വീട്ടില്‍ വന്നത്.പരേതയായ റിട്ട. ജില്ല നഴ്‌സിംഗ് ഓഫീസര്‍ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. സഹോദരി: പ്രബിത (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചെറുപുഴ). മകന്‍: ആശിഷ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി).