- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീനമാസ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന പൊലീസുകാരെ കൊണ്ടു വരാൻ എആർ ക്യാമ്പിൽ നിന്ന് ബസുമായി പമ്പയ്ക്ക് പോയ പൊലീസ് ഡ്രൈവർ പാമ്പായി; ബസിൽ കയറാൻ ഭയന്ന് പൊലീസുകാർ സ്വന്തം നിലയിൽ മടങ്ങി; ടെലികമ്യൂണിക്കേഷൻസ് വിഭാഗക്കാർ സാധനങ്ങളുമായി മടങ്ങാനും കഷ്ടപ്പെട്ടു: എസ്പി നടപടിയെടുക്കുന്നത് വൈകുന്നു
പത്തനംതിട്ട: മദ്യപാനവും തമ്മിലടിയും തുടർന്നുള്ള സസ്പെൻഷനും കൊണ്ട് വാർത്തകളിൽ നിറയുന്ന പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് വീണ്ടുമൊരു മദ്യപാനക്കഥ. മാസപൂജ ഡ്യൂട്ടി കഴിഞ്ഞ് പമ്പയിലും സന്നിധാനത്തു നിന്നും മടങ്ങുന്ന പൊലീസുകാരെ കൂട്ടിക്കൊണ്ടു വരാൻ ഞായറാഴ്ച രാവിലെ എആർ ക്യാമ്പിൽ നിന്നും പോയ വാഹനത്തിന്റെ ഡ്രൈവർ പമ്പയിൽ എത്തിയത് മദ്യലഹരിയിൽ. ഇയാൾ ഓടിക്കുന്ന വണ്ടിയിൽ കയറാൻ ഭയന്ന് പൊലീസുകാർ മടങ്ങിയത് സ്വന്തം നിലയിൽ. പൊലീസ് ഡ്രൈവർക്കെതിരേ എ.ആർ. ക്യാമ്പ് അസി. കമാൻഡാന്റ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പക്ഷേ, ഇതു വരെ നടപടിയുണ്ടായിട്ടില്ല.
ബസുമായി പമ്പയിൽ ചെന്ന ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. ഇയാൾ നിലയുറപ്പിക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നുവത്രേ. വാഹനം എവിടെയൊക്കെയോ തട്ടിയതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഡ്രൈവറുടെ അവസ്ഥ കണ്ട് പൊലീസുകാർ ബസിൽ കയറാൻ മടിച്ചു. പത്തനംതിട്ടയ്ക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള പൊലീസുകാരും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. വളവും തിരിവും കൊക്കകളുമുള്ള റോഡിലൂടെയുള്ള യാത്ര ആയതിനാൽ ഇയാൾ ഓടിക്കുന്ന വാഹനത്തിൽ കയറാൻ കഴിയില്ലെന്ന് പറഞ്ഞ് ഇവർ മറ്റ് മാർഗം തേടുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് ഇവർ മടങ്ങിയത്. പൊലീസ് ടെലികമ്യൂണിക്കേഷൻസ് വിഭാഗമാണ് ഏഴെ വലഞ്ഞത്. ഉപകരണങ്ങൾ സഹിതമാണ് ഇവർക്ക് മടങ്ങേണ്ടിയിരുന്നത്. ഇവർ പത്തനംതിട്ടയിൽ നിന്ന് മറ്റൊരു വാഹനം വരുത്തി ഉപകരണങ്ങൾ അതിൽ കയറ്റിയാണ് മടങ്ങിയത്.
പമ്പ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡ്രൈവർക്കല്ലാതെ മറ്റാർക്കും പൊലീസ് വാഹനം ഓടിക്കാൻ അനുമതിയില്ല. ഇതു കാരണം ഇന്നലെയാണ് പൊലീസ് ബസ് തിരികെ എ.ആർ. ക്യാമ്പിലെത്തിച്ചത്. സംഭവം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ക്യാമ്പിലെ അസി. കമാൻഡന്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത് ഇന്നലെ സമർപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട എ.ആർ ക്യാമ്പ് പൊലീസിന് തലവേദന
മദ്യപാനം, തമ്മിലടി, ക്രമക്കേട് എന്നിങ്ങനെ ജില്ലാ പൊലീസ് മേധാവിക്ക് എന്നും തലവേദനയായി മാറിയിരിക്കുകയാണ് പത്തനംതിട്ട എ.ആർ. ക്യാമ്പ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇവിടെ നിന്ന് സസ്പെൻഷനിലായത് എട്ടോളം ഉദ്യോഗസ്ഥരാണ്. മിക്കതും മദ്യലഹരിയിൽ തമ്മിൽ തല്ലിയതിന്റെ പേരിലാണ്. പണം വച്ച് ചീട്ടു കളിക്കാൻ പോയി സസ്പെൻഷനിലായ ഉദ്യോഗസ്ഥരുമുണ്ട്. രണ്ടാഴ്ച മുൻപ് നടന്ന മദ്യസൽക്കാരത്തിനിടെ അടിയുണ്ടാക്കിയത് മൂന്നു പേർ ചേർന്നാണ്. ഇതിൽ രണ്ടു പേരെ സസ്പെൻഡ് ചെയ്തു. ഉന്നത തലത്തിൽ ഉപഹാരങ്ങളും മറ്റും കാഴ്ച വയ്ക്കുന്നുവെന്ന് പൊലീസുകാർ തന്നെ ആക്ഷേപമുന്നയിക്കുന്ന മൂന്നാമനെതിരേ ഇതു വരെ നടപടിയുണ്ടായിട്ടില്ല.
മാസങ്ങൾക്ക് മുൻപ് എ.ആർ. ക്യാമ്പിലെ മെസിൽ വച്ച് ക്യാമ്പ് ഫോളോവർക്ക് മർദനമേറ്റിരുന്നു. മെസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയടക്കം അതിന്റെ പേരിൽ സസ്പെൻഡ് ചെയ്തു. അടുത്ത കാലത്ത് എ.ആർ. ക്യാമ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ കുടുംബപ്രശ്നം ഇവിടെ വച്ചുള്ള അടികലശലിന് കാരണമായിരുന്നു.
രണ്ടാഴ്ച മുൻപ് മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ നടന്ന മദ്യപാന സദസിനിടെ എഎസ്ഐ ഗിരിയെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ അജയകുമാറും സി.പി.ഓ ജോൺ ഫിലിപ്പും ചേർന്ന് മർദിച്ചിരുന്നു. അജയകുമാറിന് പ്രമോഷൻ കിട്ടിയതിന്റെ പേരിൽ നടന്ന പാർട്ടിക്കിടെ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തതിനാണ് ഗിരിക്ക് മർദനമേറ്റത്. തട്ടയിലെ പെട്രോൾ പമ്പിൽ നിന്നാണ് പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത്.
ഇതിന്റെ കമ്മിഷൻ ഇനത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ തന്റെ കെഎൽ 24 എ 4224 അമ്പാസിഡർ കാർ, കെ.എൽ. 24 ടി 4224 ടാറ്റാ കാർ എന്നിവയ്ക്ക് ഇന്ധനം നിറയ്ക്കുന്നുവെന്നുമുള്ള ആക്ഷേപം നിലനിൽക്കുകയാണ്. ഇത്രയൊക്കെ ആയിട്ടും മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരേ നടപടിയുണ്ടായില്ല. എസ്‌പിക്ക് ഇയാൾക്കെതിരേ നടപടിയെടുക്കാൻ സാധിക്കില്ലെന്നും ഡി.ഐ.ജിക്ക് റിപ്പോർട്ട് അയച്ചുവെന്നുമാണ് പറയുന്നത്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്