തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷെഹ്ന ഷാജിയുടെ ആത്മഹത്യാക്കേസിൽ പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ നവാസിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. പൊലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോർട്ട് എ.സി. നേരത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് കൂടാതെ കേസിൽ പ്രതികളെ പിടികൂടാത്ത സാഹചര്യത്തിൽ ഷെഹ്നയുടെ വീട്ടുകാരും സമരത്തിലേക്ക് ഇറങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തത്.

തിരുവല്ലം വണ്ടിത്തടത്തെ ഷെഹ്നുയുട മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് നൗഫൽ, ഭർതൃമാതാവ് എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഒളിവിൽപ്പോയ പ്രതികൾ കടയ്ക്കൽ സ്റ്റേഷൻ പരിധിയിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസ് അങ്ങോട്ടേക്ക് പോയി. ഇത് കടയ്ക്കൽ പൊലീസിനെയും അറിയിച്ചിരുന്നു. എന്നാൽ, സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ നവാസ് ഈ വിവരം പ്രതികളെ അറിയിക്കുകയും അവർ രക്ഷപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണ് ഫോർട്ട് എ.സി. എസ്.ഷാജി, വിവരം ചോർത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയത്.

ഡിസംബർ 26-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഭർതൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പരാതി. സ്വാധീനത്തിന് വഴങ്ങിയാണ് പ്രതികളെ പിടികൂടാത്തതെന്ന് ഷെഹ്നയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഭർത്താവ് നൗഫലും ഭർതൃമാതാവ് സുനിതയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതിയായിട്ട് 8 ദിവസം കഴിഞ്ഞെങ്കിലും പിടികൂടിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

വൈകുന്നേരത്തിനുള്ളിൽ പ്രതികളെ പിടിച്ചില്ലങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങുമെന്നും മാതാപിതാക്കൾ പറഞ്ഞു. ഈ പീഡനങ്ങൾക്കെല്ലാം ഒടുവിലാണ് 23 കാരിയും രണ്ട് വയസുകാരന്റെ അമ്മയുമായ ഷെഹ്ന ഒരു മുഴം കയറിൽ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ അനുഭവിച്ച ദുരവസ്ഥക്ക് തെളിവായി മുറിപ്പാടുകൾ ഷെഹ്നയുടെ ദേഹത്തുണ്ട്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.