കൊച്ചി: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വിധത്തിലെ വാർത്തകൾ പുറത്തുവന്നെങ്കിലും അത് തെറ്റാണെന്ന് ഇന്ന് കേരളാ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, എണ്ണത്തിൽ കുറവെങ്കിലും പി.എഫ്.ഐ ബന്ധമുള്ള പൊലീസുകാർ സേനയിലുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു.

എറണാകുളം ജില്ലയിലെ കാലടി പൊലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്‌പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. ഇയാളുടെ പി.എഫ്.ഐ ബന്ധങ്ങളെ കുറിച്ചു വിശദമായ അന്വേഷണം നടത്തിയേക്കും. അതേസമയം കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് എൻഐഎ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു.

കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും പ്രതികളായവരെ കുറിച്ചും എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചും ഈ കേസുകളിൽ പ്രതികളായവരെ കുറിച്ചുമാണ് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നത് എന്നാണ് വിവരം.

അതേസമയം നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും എതിരായി സർക്കാർ ഏജൻസികൾ നടപടികൾ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

അതിനിടെ പോപുലർ ഫ്രണ്ട് പ്രവർത്തകർ ഹർത്താൽ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 49 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകൾ രജിസ്റ്റർ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി - 25, 70
തിരുവനന്തപുരം റൂറൽ - 25, 169
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറൽ - 15, 165
പത്തനംതിട്ട - 18, 143
ആലപ്പുഴ - 16, 125
കോട്ടയം - 27, 411
ഇടുക്കി - 4, 54
എറണാകുളം സിറ്റി - 8, 91
എറണാകുളം റൂറൽ - 17, 47
തൃശൂർ സിറ്റി - 13, 23
തൃശൂർ റൂറൽ - 27, 48
പാലക്കാട് - 7, 89
മലപ്പുറം - 34, 253
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറൽ - 29, 100
വയനാട് - 7, 116
കണ്ണൂർ സിറ്റി - 26, 104
കണ്ണൂർ റൂറൽ - 9, 31
കാസർഗോഡ് - 6, 62