കരുനാഗപ്പള്ളി: കൊല്ലാൻ ശ്രമിച്ചത് എംഎൽഎയെ. കേസെടുത്തതും എംഎൽയ്‌ക്കെതിരെ കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സി.ആർ.മഹേഷ് എംഎ‍ൽഎ.യ്ക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തത് വിവാദത്തിൽ. ഇതോടെ എംഎൽഎ ജാമ്യമില്ലാ കേസിലെ പ്രതിയായി. സിപിഎമ്മുകാർക്കെതിരെ കേസെടുക്കാതിരിക്കാണ് നീക്കം. സിപിഎം. സംസ്ഥാനസമിതി അംഗം സൂസൻ കോടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ആർ.മഹേഷിനും മറ്റ് ഒൻപതുപേർക്കും കണ്ടാലറിയാവുന്ന 140-ഓളം പേർക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്.

കൊട്ടിക്കലാശദിവസം സിപിഎമ്മിന്റെ പാർട്ടി ഓഫീസിന് മുന്നിൽനിന്ന് പ്രവർത്തകരോടൊപ്പം ദേശീയപാതയുടെ കിഴക്കുവശത്തുകൂടി ജാഥ നയിച്ചുവരവെയാണ് തനിക്കുനേരേ അക്രമം ഉണ്ടായതെന്ന് മൊഴിയിൽ പറയുന്നു. ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്ന സി.ആർ.മഹേഷ് എംഎ‍ൽഎ.യുടെ നേതൃത്വത്തിൽ 150-ഓളം വരുന്ന യു.ഡി.എഫ്. പ്രവർത്തകർ തന്നെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഓടിയെത്തി. ഇതിൽ ഒരാൾ കമ്പിവടികൊണ്ട് തലയ്ക്കുനേരേ വീശി. അടി ഏറ്റിരുന്നെങ്കിൽ മരണംവരെ സംഭവിക്കാമായിരുന്നെന്നും മൊഴിയിൽ പറയുന്നു. സംഘർഷത്തിൽ പരിക്കേറ്റ സൂസൻ കോടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിനിടെ :കരുനാഗപ്പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരേ സിപിഎം. കള്ളക്കേസ് നൽകിയിരിക്കുകയാണെന്ന് സി.ആർ.മഹേഷ് എംഎ‍ൽഎ. പറഞ്ഞു. തുടക്കംമുതൽ സംഘർഷം തടയാനാണ് ശ്രമിച്ചത്. ഇതിനിടെയാണ് തനിക്കുനേരേ കല്ലേറ് ഉണ്ടായത്. എന്നാൽ ഇപ്പോൾ ഒരു അടിസ്ഥാനവുമില്ലാതെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നും എംഎ‍ൽഎ. പറഞ്ഞു. കോൺഗ്രസും ഈ കേസിനെതിരെ രംഗത്തു വന്നിട്ടുണ്ട്. നീതിക്ക് നിരക്കാത്ത വിധമാണ് പൊലീസ് പ്രവർത്തനമെന്നാണ് കോൺഗ്രസ് ആരോപണം.

ക്യാമറയ്ക്ക് മുന്നിലാണ് ഇതെല്ലാം നടന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കൊട്ടിക്കലാശം നടക്കുന്നതിനിടെ കരുനാഗപ്പള്ളി നഗരത്തിൽ സംഘർഷം ഉണ്ടായത്. പരിക്കേറ്റ സി.ആർ.മഹേഷ് എംഎ‍ൽഎ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മഹേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന പതിനഞ്ചോളം എൽ.ഡി.എഫ്. പ്രവർത്തകർക്കെതിരേയും കേസെടുത്തു. ഈ കേസിനെ അപ്രസക്തമാക്കാനാണ് സി ആർ മഹേഷിനെതിരെ കേസ്. കരുനാഗപ്പള്ളി ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ്. മികച്ച പോളിങ് നടന്ന സ്ഥലം കൂടിയാണ് ഇത്.

സംഘർഷവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലും എൽ.ഡി.എഫിലും ഉൾപ്പെട്ട ഇരുപതോളം പേർക്കെതിരേയും ഇരുപക്ഷത്തുനിന്നും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും കേസുണ്ട്. ജോലിയിൽ ഉണ്ടായിരുന്ന ജി.എസ്.സി.പി.ഒ. ഹാഷിം, ജി.എഎസ്ഐ. അജി, സി.പി.ഒ. കൃഷ്ണകുമാർ, എസ്‌ഐ.മാരായ ജിഷ്ണു, ഷിജു എന്നിവർക്ക് പരിക്കേറ്റതായും എഫ്.ഐ.ആർ. ഉണ്ട്.

കൂടാതെ, കെ.എസ്.ആർ.ടി.സി. ബസിനും സ്വകാര്യ വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.