- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്ത് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല; ഇതിന് കത്തിന്റെ യഥാർഥ കോപ്പി വേണം; എവിടെ നിന്ന് ഉത്ഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനുള്ള ശുപാർശ അംഗീകരിച്ചു; കത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും; സിബിഐ പേടിയിൽ ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണോ എന്ന് സ്ഥിരീകരിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. ക്രൈം ബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക പരിശോധനാ റിപ്പോർട്ട് അനുസരിച്ച് കത്ത് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതിന് കത്തിന്റെ യഥാർഥ കോപ്പി കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല അത് എവിടെനിന്ന് ഉത്ഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് ശുപാർശ. കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവ് പുറത്തു വന്നു കഴിഞ്ഞു. വ്യാജരേഖ ചമയ്ക്കലിന് കേസ് എടുത്ത് അന്വേഷിക്കാനാണ് നിർദ്ദേശം. ഏത് യൂണിറ്റ് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡി.ജി.പി. അറിയിച്ചു.
മേയറുടെ കത്തുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. മേയറുടെ പേരിൽ പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറിയത്. ഈ റിപ്പോർട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കത്ത് സംബന്ധിച്ച് കേസ് എടുത്ത് അന്വേഷണം നടത്താൻ ഡി.ജി.പി. ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ വ്യാജരേഖ ചമയ്ക്കലിനുള്ള വകുപ്പ് ചുമത്തിയാകും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുക. ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റ് അന്വേഷിക്കണം എന്നതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താൻ കേസ് ലോക്കൽ പൊലീസിന് അല്ലെങ്കിൽ സൈബർ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ തുടർന്നും ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കട്ടെയെന്ന തീരുമാനത്തിലാണ് ഡി ജി പി
പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിന്റെ യൂണിറ്റായിരിക്കില്ല തുടരന്വേഷണം നടത്തുകയെന്ന വിവരമുണ്ട്.താത്കാലിക ഒഴിവുകളിലെ നിയമനത്തിന് മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് ആര്യാ രാജേന്ദ്രന്റെ പേരിൽ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന വിവാദത്തിൽ കത്തിന്റെ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിരുന്നില്ല. കത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാൽ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാൽ യഥാർത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി.
താൽക്കാലിക നിയമനങ്ങൾക്കു പാർട്ടി പട്ടിക ആവശ്യപ്പെട്ടു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക ലെറ്റർപാഡിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയതായി പുറത്തു വന്ന കത്ത് ആദ്യം എത്തിയത് മനോരമയിലാണ്. മനോരമയിലെ ലേഖകന്റെ പേരു വച്ചു വന്ന കത്ത്. ഈ വാർത്ത എഴുതിയ റിപ്പോർട്ടറെ ചോദ്യം ചെയ്താൽ തന്നെ മേയർ വ്യാജമെന്ന് പറയുന്ന കത്ത് കണ്ടെത്താം. മേയറുടെ മെയിലിൽ നിന്ന് ജില്ലാ സെക്രട്ടറിയുടെ മെയിലിലേക്ക് കത്ത് അയച്ചോ എന്ന് ശാസ്ത്രീയ പരിശോധന നടത്തിയാൽ ശുപാർശ കത്തിൽ എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാക്കാം. പക്ഷേ പ്രാഥമിക അന്വേഷണത്തിൽ പരിശോധനയായില്ല. കേസ് രജിസ്റ്റർ ചെയ്താൽ ഇത്തരത്തിൽ ഇടപെടൽ നടത്തേണ്ടി വരും.
'കത്ത് കൃത്രിമമാണോയെന്ന് ഉറപ്പിക്കണമെങ്കിൽ ഒറിജിനൽ കണ്ടെത്തിയേപറ്റൂ. കത്തിന്റെ വാട്സാപ്പിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ഇതുമാത്രം വച്ച് നിഗമനങ്ങളിൽ എത്താനാകില്ല. വിശദമായ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്' ക്രൈംബ്രാഞ്ച് എഡിജിപി ഷേഖ് ദർവേഷ് സാഹിബിനു കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കത്ത് കൃത്രിമമാണെന്ന മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പരാമർശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലാണ് റിപ്പോർട്ട് കൈമാറിയത്. കത്ത് പ്രസിദ്ധീകരിച്ച മാധ്യമത്തെ കുറിച്ചും റിപ്പോർട്ടറെ കുറിച്ചും റിപ്പോർട്ടിൽ ഒന്നുമില്ല. ഇവരെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണത്തിൽ നിഗമനത്തിൽ എത്തുമെന്നും ആർക്കും അറിയില്ല. അങ്ങനെ അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുകയാണ് ക്രൈംബ്രാഞ്ച്.
വിവാദ കത്ത് പ്രചരിച്ചതു പാർട്ടി അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിലാണ്. അതിലുള്ള അംഗങ്ങൾ, ആരോപണവിധേയരായ ഏരിയ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി എന്നിവരെയൊന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ബന്ധപ്പെട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്കും മുതിർന്നില്ല. സംശയമുള്ളവരുടെ മൊബൈൽ ഫോണുകൾ, കത്തു തയാറാക്കിയ കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടറുകൾ എന്നിവ അന്വേഷണ വിധേയമാക്കാതിരുന്നതും ആക്ഷേപത്തിന് ഇടയാക്കി-ഇന്ന് മനോരമയുടെ വാർത്തയിൽ പറയുന്ന വാചകമാണ് ഇത്. അതായത് കത്ത് പ്രസിദ്ധീകരിച്ചവർ ഉറവിടം കിറുകൃത്യമായി പറഞ്ഞിട്ടും അന്വേഷണത്തിന് ആരും തയ്യാറല്ല. മനോരമ ലേഖകന്റെ മൊഴി എടുത്താൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് ആ വഴിക്ക് അന്വേഷണം പോകാത്തത്.
കോർപറേഷൻ ആരോഗ്യ വിഭാഗത്തിൽ 295 താൽക്കാലിക നിയമനങ്ങൾക്കു പാർട്ടി പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു എഴുതിയ കത്ത് ഈ മാസം അഞ്ചിനാണു പുറത്തായത്. എസ്എടി ആശുപത്രി നിയമനത്തിനായി ആനാവൂരിനു കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എഴുതിയ കത്തു കൂടി പുറത്തുവന്നതോടെ വിവാദം രൂക്ഷമായി. തുടർന്നാണു പ്രാഥമിക അന്വേഷണത്തിനു ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. കത്തിനു പിന്നിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കാൻ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയും ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ അതേ നിഗമനങ്ങളിൽതന്നെയാണ് വിജിലൻസും എത്തിയത്. ഇതിന് പിന്നാലെ സഹകരണ സ്ഥാപന നിയമനത്തിലെ കത്തും പുറത്തു വന്നു. ഇതും നിയമ ലംഘനമാണ്. ഈ കത്തിൽ ആരും അന്വേഷണം നടത്തുന്നില്ല.
തദ്ദേശസ്ഥാപന ഓംബുഡ്സ്മാൻ മേയറോടും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിനോടും വിശദീകരണം തേടിയെങ്കിലും ഇന്നലെയും മറുപടി നൽകിയില്ല. ഞായറാഴ്ച വരെയായിരുന്നു സമയപരിധി. കത്ത് വിഷയത്തിലെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മേയറുടെ രാജിക്കായി കോൺഗ്രസും ബിജെപിയും പ്രക്ഷോഭം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ