- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ സംഘത്തിന് ലഭിച്ചത് വാട്‌സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രം; മേയറുടെ കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല; കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്കായി മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന് ആരോപിക്കപ്പെടുന്ന കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. എഡിജിപി ഷെയ്ക് ദർവേഷ് സാഹിബിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി.
യഥാർത്ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുൾപ്പെടെയുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. തുടർ അന്വേഷണത്തിൽ ഡിജിപിയാകും തീരുമാനമെടുക്കുക.
വാട്‌സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ല.
അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി ഡിജിപിയുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രന്റെ ലെറ്റർ പാഡിൽ എഴുതിയ കത്ത് നവംബർ 5നാണ് പുറത്തുവന്നത്.
നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ കൈമാറിയെന്ന് പറയുന്ന കത്ത് പുറത്തുവന്നിട്ട് ഒന്നരയാഴ്ച പിന്നിടുമ്പോഴാണ് റിപ്പോർട്ട്. വ്യാജമെന്ന് മേയർ മൊഴി നൽകുമ്പോഴും കത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ആയിട്ടില്ല. ഈ ആഴ്ച കത്തുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കോർപറേഷൻ ഓഫീസിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ബിജെപിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്.
മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാൽ മേയർ രാജിവെക്കുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുപക്ഷവും. നാളെ ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.
മേയർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചർച്ച ചെയ്യാനായി പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. മേയർ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി. ഇതോടെ പ്രത്യേക കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. മേയർ എത്തുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയിരുന്നു.
മേയർ വന്നതോടെ കരിങ്കൊടിയും ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. ഗോബാക് വിളിച്ച് പ്രതിഷേധിച്ചു. എന്നാൽ വനിതാ കൗൺസിലർമാരെ മേയറുടെ ഡയസിന് ചുറ്റും നിരത്തി നിർത്തി ഇടതുമുന്നണി പ്രതിരോധനം തീർത്തു. കെ സുരേന്ദ്രന്റെ മകന്റെ നിയമന വിവാദം അടക്കം ഉയർത്തി എൽഡിഎഫ് തിരിച്ചടിച്ചു. പ്രതിപക്ഷ അംഗങ്ങൾ ആരും യോഗത്തിൽ സംസാരിച്ചില്ല. ഭരണപക്ഷത്തെ ഒൻപത് അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ കൗൺസിൽ യോഗം മേയർ അവസാനിപ്പിച്ചു. ഇന്ന് മുതൽ സമരം ഒന്നുകൂടി ശക്തമാക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ