പത്തനംതിട്ട: 86.12 കോടിയുടെ ബിനാമി വായ്പാത്തട്ടിപ്പ് നടന്നുവെന്ന് സഹകരണ വകുപ്പ് റിപ്പോർട്ട് നൽകിയ മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പരിശോധന. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസ് ഏറ്റെടുത്ത് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതിന് ശേഷമാണ് അടൂർ യൂണിറ്റ് ഡിവൈ.എസ്‌പി എം.എ. അബ്ദുൾറഹിമും സംഘവും പരിശോധനയ്ക്കെത്തിയത്. രേഖകൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ പേരെ കേസിൽ പ്രതികളാക്കുന്നതിനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

നിലവിൽ ഈ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യു, മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവരെയാണ് ലോക്കൽ പൊലീസ് പ്രതി ചേർത്തിരുന്നത്. 89 ബിനാമി വായ്പകളിലായിട്ടാണ് 86.12 കോടി രൂപയുടെ നഷ്ടം ബാങ്കിന് വന്നു ചേർന്നിരിക്കുന്നത്. ഒരു പ്രമാണം ഈടാക്കി വച്ച് 10 പേർക്ക് വരെയാണ് വായ്പ നൽകിയിരിക്കുന്നത്. ഒരാൾക്ക് ചുരുങ്ങിയത് 25 ലക്ഷം വരെ നൽകും. ആരും വായ്പ തിരിച്ചടയ്ക്കില്ല. കാലാവധി എത്തുമ്പോൾ മുതലും പലിശയുമടക്കം ചേർത്ത് ആ തുക പുതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ പരാതിയിലാണ കേസ് രജിസ്റ്റർ ചെയ്തത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചു പേർ വീതമുണ്ട്. ഇവരിൽ ചിലർ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പണം തിരിച്ചടയ്ക്കാൻ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്.

വായ്പ എടുത്തിട്ടുള്ളവരും മുൻ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും പ്രതികളാകും. ജീവനക്കാരും പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നൽകുന്നത് ഭരണ സമിതിയംഗങ്ങളാണ്. ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോൾ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കും. അങ്ങനെ വരുമ്പോൾ അതിന് കാരണക്കാരായവരൊക്കെ തന്നെ പ്രതി ചേർക്കപ്പെടുമെന്നാണ്‌ ്രൈകംബ്രാഞ്ച് നൽകുന്ന സൂചന.

ക്രമക്കേട് പുറത്തു വന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം മൈലപ്ര സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ ആയിട്ട് 16 മാസം. നിലവിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയിലാണ് ജീവനക്കാരുടെ പ്രതീക്ഷ. ബാങ്കിന്റെ പ്രതിസന്ധി മറികടക്കാൻ വിപുലമായ മാർഗങ്ങളാണ് കമ്മറ്റി മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടിശികയുള്ള വായ്പകൾ തിരിച്ചടപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ്. നിരവധിപ്പേർ വായ്പ തിരിച്ചടയ്ക്കാൻ തയാറായിട്ടുണ്ട്.

ഇങ്ങനെ കിട്ടുന്ന പണം അത്യാവശ്യക്കാരുടെ നിക്ഷേപം തിരിച്ചു നൽകുന്നതിന് ഉപയോഗിക്കുമെന്നാണ് സൂചന. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട എ ക്ലാസ് സഹകരണ സംഘമായിരുന്നു മൈലപ്രയിലേത്. അതനുസരിച്ചുള്ള ശമ്പളവും ആനുകൂല്യവുമാണ് ജീവനക്കാർക്കും പെൻഷൻ പറ്റിയവർക്കും നൽകിയിരുന്നത്. ബാങ്ക് സി ക്ലാസിലേക്ക് താഴ്ന്നിട്ടും ആ വിവരം മറച്ചു വച്ച് എ ക്ലാസിനുള്ള ശമ്പളവും ആനുകൂല്യവും ജീവനക്കാർക്ക് നൽകിപ്പോരുകയായിരുന്നു. സഹകരണ വകുപ്പ് ഈ തട്ടിപ്പ് കണ്ടുപിടച്ചതോടെ ശമ്പളവും ആനുകൂല്യവും സി ക്ലാസിനുള്ളതാക്കി മാറ്റി. അതു വരെ എ ക്ലാസിൽ നൽകിയ ശമ്പളം തിരിച്ചു പിടിക്കാനും നീക്കമുണ്ട്.

89 ബിനാമി വായ്പകളിലായി 86.12 കോടിയാണ് ബാങ്കിന് നഷ്ടം വന്നിരിക്കുന്നത്. ബാങ്കിലേക്ക നിക്ഷേപം കുമിഞ്ഞു കൂടിയ അവസരത്തിലാണ് ബിനാമി വായ്പകൾ നൽകിയിരിക്കുന്നത്. അതിന് പുറമേ കോട്ടയം ജില്ലയിലെ മൂന്നു പ്രാഥമിക സഹകരണ സംഘങ്ങളിൽ കോടികളുടെ നിക്ഷേപവും നടത്തി. ഈ സംഘങ്ങളൊക്കെ പിൽക്കാലത്ത് പൂട്ടിപ്പോയി. ഇവിടെ നിന്ന് പലിശ സഹിതം മൈലപ്ര ബാങ്കിന് കിട്ടാനുള്ളത് കോടികളാണ്. ബാങ്കിന്റെ അതിർത്തി ലംഘിച്ച് നിരവധിപ്പേർക്ക് ബിനാമി വായ്പകൾ നൽകി. ചതുപ്പു നിലങ്ങൾക്ക് പോലും ലക്ഷങ്ങളാണ് വായ്പ കൊടുത്തത്. പ്രതിസന്ധി മുറുകിയതോടെ ബാങ്കിന്റെ രണ്ടുശാഖകളും അടച്ചു പൂട്ടി.