- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വാട്‌സാപ്പ്ഗ്രൂപ്പ് സൃഷ്ടിച്ചത് ആരാധകർക്ക് ഇടയിൽ പ്രചരിപ്പിക്കാൻ; നടിയെ ആക്രമിച്ച കേസിൽ, ഗൂഢാലോചന എന്ന വ്യാജ പ്രചാരണത്തിനായി സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ചെന്ന് ആരോപിച്ച് ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ. നാളെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷോണിന് നോട്ടീസ് നൽകി.
മാധ്യമപ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ സഹോദരന് ഷോൺ അയച്ചെന്നാണ് കേസ്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീൻ ഷോട്ടുകൾ വന്നത് ഷോൺ ജോർജിന്റെ ഫോൺ കോൺടാക്ടിൽ നിന്നാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
അതേസമയം, താൻ ചാറ്റുകൾ നിർമ്മിച്ച് നൽകിയിട്ടില്ലെന്നും അഭിഭാഷകനായ താൻ അത്തരം മണ്ടത്തരം കാണിക്കില്ലെന്നുമാണ് കഴിഞ്ഞദിവസം ഷോൺപ്രതികരിച്ചത്. ഷോണിന്റെ വീട്ടിലെ ക്രൈംബ്രാഞ്ച് റെയ്ഡിന് പിന്നാലെയായിരുന്നു പ്രതികരണം. പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകൾ, 5 മെമ്മറി കാർഡുകൾ, രണ്ട് ടാബുകൾ എന്നിവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപുമായി തനിക്ക് നല്ല ആത്മബന്ധമാണുള്ളതെന്നും ഷോൺ പറഞ്ഞിരുന്നു.
അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ. എംവി നികേഷ് കുമാർ, പ്രമോദ് രാമൻ, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബർട്ടി ബഷീർ, മഞ്ജു വാര്യർ, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകൾ നിർമ്മിച്ചത്. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാനാണ് ഇത് നിർമ്മിച്ചതെന്നാണ് സൂചനകൾ.
ദിലീപുമായി അടുത്ത ബന്ധമെന്ന് ഷോൺ ജോർജ്
ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ഷോൺ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹോദരൻ അനൂപുമായി വലിയ പരിചയമില്ല. താനായിട്ട് ഒരു വാട്‌സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ല. റെയ്ഡിന് പിന്നിൽ വലിയ തിരക്കഥയെന്നും ഷോൺ ജോർജ് ആരോപിച്ചു.
ഷോൺ ജോർജിന്റെ വാക്കുകൾ : 'വളരെയധികം സ്‌നേഹവും അടുപ്പവുമുള്ള ആളാണ് ദിലീപേട്ടൻ. സിനിമ ഫീൽഡിൽ ജഗതി ശ്രീകുമാറിനെ ഏറ്റവും അധികം സഹായിച്ച ആളാണ്. അതുകൊണ്ട് തന്നെ അദേഹത്തോട് ആ അടുപ്പം എനിക്കുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഉദേശം വ്യക്തമാണ്.'
മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് റെയ്ഡിന് പിന്നിൽ. ഇഡിക്ക് മുമ്പിൽ കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആ തെളിവുകളാണ് ഈ റെയ്ഡിന്റെ പിന്നിലുള്ള പ്രധാനകാരണം.ജഗതി ശ്രീകുമാറിന്റെ കുടുംബവുമായി ഏറ്വും അധികം അടുപ്പുമുള്ള ആളാണ് ദിലീപ്. ജഗതി ശ്രീകുമാറിന്റെ അപകടത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തെ ഏറ്റവും അധികം അന്വേഷിച്ച ആളാണ് അദ്ദേഹം. എല്ലാ അഴ്ചകളിലും വിളിക്കുകയും ചികിത്സ കാര്യങ്ങൾ തിരക്കുകയും ചെയ്ത ആളാണ് ദിലീപേട്ടൻ. ആ അടുപ്പം എനിക്ക് അദേഹവുമായി ഉണ്ട്. ആ സ്‌നേഹവുമുണ്ട്.
അനിയാ എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്. ദിലീപ് ഈ തെറ്റ് ചെയ്യില്ല എന്ന് ഉറച്ച ബോധ്യമുള്ള ഒരാളാണ് ഞാൻ. എന്റെ മകൾ എന്ന് മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യൻ ഒരിക്കലും അത് ചെയ്യില്ല. ഇത് പിസി ജോർജിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത്. അനൂപിനെ വ്യക്തിപരമായി പരിചയമില്ല.എന്നാൽ ആ സമയത്ത് ദിലീപിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ചിരുന്ന കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകനും അനൂപിനും അയച്ചുകൊടുക്കുമായിരുന്നു. കേസിൽ അദ്ദേഹത്തിന് ദോഷം വരാൻ സാധ്യതയുള്ള കാര്യങ്ങളാണ് അയച്ചുകൊടുത്തത്. ഞാനായിട്ട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടില്ല.
അനൂപുമായി ആദ്യമായി സംസാരിക്കുന്നത് തന്നെ ദിലീപിന്റെ അറസ്റ്റിന് ശേഷമാണ്. എന്തൊക്കെയാണ് അയച്ചതെന്ന് തനിക്ക് ഓർമ്മയില്ല. ഒരു വാട്‌സപ്പ് ഗ്രൂപ് ഉണ്ടാക്കാൻ മാത്രം പൊട്ടനല്ല ഞാൻ. പിസി ജോർജ് നടത്തിയ വാർത്ത സമ്മേളനത്തിൽ ഫാരിസ് അബുബക്കറും , ഐടി രംഗത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ട് നടത്തിയ വലിയ അഴിമതികളെക്കുറിച്ചുമാണ്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി നടത്തിയ അഴിമതികളെക്കുറിച്ചും പിസി ജോർജ് കൃത്യമായി പറഞ്ഞിരുന്നു. അതിന് ശേഷം താൻ എവിടെ പോയാലും സ്‌പെഷ്യൽ ബ്രാഞ്ച് എന്റെ പുറകെയുണ്ട്. പിസി ജോർജിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ആകുലതകൾ സർക്കാരിനുണ്ട്. പിസി ജോർജുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ എന്റെ ഫോണിലേക്കും മെയിലേക്കും ഒക്കെ അയച്ചു തരാറുണ്ട്. കാരണം അദ്ദേഹം മെയിൽ ഒന്നും ഉപയോഗിക്കുന്ന ആളല്ല. ഇത് പൊലീസിന് കൃത്യമായി അറിയാം അതാണ് റെയ്ഡിന് പിന്നിലെ കാരണം. മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് നൽകാൻ വെച്ചിരിക്കുന്ന തെളിവ് കേരള പൊലീസിന് കൊടുത്താലുള്ള അവസ്ഥ എന്താകും. അതുകൊണ്ട് അത് നൽകാനാവില്ല. എന്റെ ഫോൺ 2019ൽ കാണാതായതാണ്.
അന്ന് ഞാൻ പരാതി നൽകിയതിന്റെ തെളിവ് കൈവശമുണ്ട്. വാട്‌സ്ആപ്പ് ഉപയോഗിച്ചോണ്ടിരുന്ന ടാബ് നിലവിൽ കേടാണ് എന്നാൽ അതും കൊണ്ടുപോയിട്ടുണ്ട്. ഇപ്പോ ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ കേരള പൊലീസിന് കൊടുക്കാൻ സൗകര്യമില്ല. അത് ഞാൻ കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് സന്തോഷത്തോടെ നൽകും. രണ്ടാം പ്രതി മാർട്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുത്തു നോക്കിയാൽ കഥ മനസിലാകും. റെയിഡിന്റെ പുറകിൽ നടന്നത് സിനിമയെപ്പോലും വെല്ലുന്ന തിരക്കഥയാണ്. സ്ഥിരം റെയ്ഡ് , അറസ്റ്റ് എന്നിവ നടക്കുകയാണ്. പിസി ജോർജിന്റെ കൈയിൽ എന്താ ഉള്ളതെന്ന് അവർക്ക് കൃത്യമായി അറിയാം. അത് കേരള പൊലീസിനെ ഏൽപ്പിക്കാൻ സൗകര്യമില്ല. അത് നിയമത്തിന് മുമ്പിൽ കൊണ്ടുവരും. അത് ഏത് അറ്റം വരെ പോയാലും ആ കടമ നിർവഹിക്കും.
ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് പി.സി.ജോർജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഈ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി 2019 ൽ തന്നെ പരാതി നൽകിയിരുന്നതായി പിസി ജോർജ് പറഞ്ഞിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ