- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രി ട്രാൻസ്ജെൻഡറുമായി സംസാരിച്ച് നിന്ന യുവാവിനെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി; മാലയും പണവും വാച്ചും ഊരി വാങ്ങി; ബുള്ളറ്റുമായി കടക്കാനുള്ള ശ്രമത്തിനിടെ ഒരാളെ ആർപിഎഫ് പിടികൂടി; തിരുവല്ലയിൽ ഇന്നലെ നടന്നത് സമാനതകളില്ലാത്ത പിടിച്ചു പറി
തിരുവല്ല: ബൈപ്പാസിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് അവശനാക്കി സ്വർണാഭരണവും ബുള്ളറ്റും പണവും കവർന്ന സംഭവത്തിൽ മൂന്നംഗ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. കുറ്റപ്പുഴ ആറ്റുചിറ കാട്ടിൽ പറമ്പിൽ വീട്ടിൽ റിജോ ഏബ്രഹാം (29) ആണ് പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെ ബൈപ്പാസിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം.
മാവേലിക്കര തട്ടാരമ്പലം കൊച്ചു തറയിൽ വീട്ടിൽ അക്ഷയി(21)ന്റെ പരാതിയിലാണ് അറസ്റ്റ്. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിൽക്കവേ മൂന്നംഗ സംഘം അക്ഷയിനെ വളയുകയായിരുന്നു. ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിൽക്കുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയ സംഘം ബലമായി അക്ഷയിനെ കുറ്റപ്പുഴ റെയിൽവേ ട്രാക്കിന് സമീപം എത്തിച്ചു.
തുടർന്ന് മർദ്ദിച്ച ശേഷം കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല, ബുള്ളറ്റ്, 20000 രൂപയോളം വില വരുന്ന വാച്ച്, എ.ടി.എം കാർഡ് അടങ്ങുന്ന പേഴ്സ് എന്നിവ കൈക്കലാക്കി. സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടോടിയ അക്ഷയ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അഭയം പ്രാപിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു.
ഇതേ സമയം തന്നെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും അക്ഷയിന്റെ ബുള്ളറ്റുമായി കടക്കാൻ ശ്രമിച്ച റിജോയെ ആർ.പി.എഫ് ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കൂട്ടു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ പി.എസ്.വിനോദ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്