- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്തത് സൗകര്യമാക്കി പണയം വച്ച് തട്ടിയത് അഞ്ചു ലക്ഷം; ധനകാര്യസ്ഥാപന ഉടമ തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതി; പ്രതിയെ പൊക്കിയപ്പോൾ പുറത്തു വന്നത് 17 ലക്ഷത്തിന്റെ തട്ടിപ്പ്
കോഴഞ്ചേരി: ഒറിജിനൽ സ്വർണം തോൽക്കുന്ന വ്യാജ ആഭരണങ്ങൾ നിർമ്മിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന കേസിലെ പ്രതി ഒടുവിൽ ആറന്മുള പൊലീസിന്റെ പിടിയിലായി. തെക്കേമലയിലെ ധനകാര്യ സ്ഥാപനമുടമയുടെ പരാതിയിൽ പിടികൂടിയ ഇയാളെ ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് സമാനമായ നിരവധി തട്ടിപ്പുകളാണ്.
ആറന്മുള എരുമക്കാട് പരപ്പാട്ട് വീട്ടിൽ സുരേന്ദ്രൻ (52) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14 ന് തെക്കേമലയിലുള്ള ഒരു ധനകാര്യസ്ഥാപനത്തിൽ 135 ഗ്രാം സ്വർണം പണയം വെച്ച് അഞ്ചു ലക്ഷത്തിലധികം രൂപ കൈപ്പറ്റി. പ്രാഥമിക പരിശോധനയിൽ വ്യാജ സ്വർണമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ധനകാര്യ സ്ഥാപന ഉടമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ സുരേന്ദ്രൻ ചേർത്തലയിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടി. കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എട്ടു മാസത്തിലധികമായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വർണം പണയംവച്ച് പല തവണയായി 17 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. പ്രതിക്ക് വ്യാജ സ്വർണം നിർമ്മിച്ചു നൽകിയതും വിതരണം ചെയ്തതുമായ ആളിനെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. വ്യാജ സ്വർണം വിറ്റും പണയം വച്ചും പണം തട്ടുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുൻപ് ഒരു മോഷണ കേസിലെ പ്രതിയായ ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടരും. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ സി കെ മനോജ്, എസ്‌ഐമാരായ അനിരുദ്ധൻ, ഹരികുമാർ, ജൂനിയർ എസ്. ഐ. അഖിൽ, എസ്.സി.പി.ഓമാരായ സലിം, നാസർ, ബിനു ഡാനിയേൽ, താജുദ്ദീൻ, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്