തിരുവല്ല: ഇത് തട്ടിപ്പുകാരുടെ കാലം. ഏതു വേഷത്തിലും രൂപത്തിലും ഭാവത്തിലും അവർ വരും. അങ്ങനെ വഴിവക്കിലെ വസ്തു കാണിച്ച് വില പറഞ്ഞ് അഡ്വാൻസും വാങ്ങി മുങ്ങുന്ന വിരുതൻ പൊലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി വാഴപ്പള്ളി കൊടുവക്കുളം വീട്ടിൽ സുനിൽ കുമാർ (47) ആണ് പിടിയിലായത്.

പ്രധാന റോഡുകൾക്ക് സമീപമുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തു വകകൾ പകുതി വിലയ്ക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയത്. പണം വാങ്ങി മുങ്ങിയ ഇയാൾ സിം കാർഡുകൾ മാറി മാറി ഉപയോഗിച്ചു വന്നിരുന്നതനാൽ പിടികൂടാൻ പൊലീസും പണിപ്പെട്ടു. തന്ത്ര പരമായ നീക്കത്തിലൂടെയാണ് പൊലീസ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാളെ വേങ്ങലിൽ നിന്നും വലയിലാക്കിയത്.

ടികെ റോഡിലെ തോട്ടഭാഗത്ത് റോഡിനോട് ചേർന്നുള്ള വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തലവടി സ്വദേശി ഗീവർഗീസ്, പാലിയേക്കര സ്വദേശി ഉമ്മൻ എന്നിവരിൽ നിന്നായി അഞ്ചു ലക്ഷം രൂപ വീതം തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ തട്ടിപ്പു കേസുകൾ നിലവിലുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആർഭാട ജീവിതത്തിന് വേണ്ടിയാണ് സുനിൽ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.