കോയിപ്രം: എബ്രിഡ്ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയിലെ ഒരു രംഗം ചെറിയ ഭേദഗതികളോടെ കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ അതേപടി ആവർത്തിച്ചു. റോങ് നമ്പരിലൂടെ പരിചയപ്പെട്ട സ്ത്രീ സ്വരമുള്ള യുവാവിനെ പെണ്ണാണെന്ന് തെറ്റിദ്ധരിച്ച് അയാൾ ആവശ്യപ്പെടാതെ തന്നെ പണം കൊടുക്കുകയും അവസാനം അതൊരു പുരുഷൻ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. തന്റെ പണം പോയെന്നും പറഞ്ഞ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായ ജോജുവിന്റെ കഥാപാത്രത്തെ സമീപിക്കുന്നതാണ് രംഗം. റോങ് നമ്പർ വിളിച്ചപ്പോൾ കിട്ടിയ സ്ത്രീ സ്വരത്തിന്റെ ഉടമ തന്റെ പേര് ഇന്ദുജൻ ആണെന്ന് പറയുന്നുണ്ട്. എന്നാൽ, അത് ഇന്ദുവാണെന്ന് തെറ്റിദ്ധരിച്ച് പണം നൽകുന്ന യുവാവിന്റെ അബദ്ധമാണ് സീനിന്റെ ഹൈലൈറ്റ്.

കോയിപ്രം സ്റ്റേഷൻ പരിധിയിലെ യുവാവിന് പറ്റിയത് ഏതാണ്ടിതിനോട് സാമ്യമുള്ള അബദ്ധമാണ്. പുനർവിവാഹത്തിന് പരസ്യം നൽകിയ യുവാവിനെ പറ്റിച്ച് യുവതി തട്ടിയെടുത്തത് 4.15 ലക്ഷം രൂപയും വില കൂടിയ മൊബൈൽ ഫോണുമാണ്. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത യുവതിക്കായി അക്കൗണ്ട് മുഖേനെ പണമിട്ടു കൊടുക്കുകയും മൊബൈൽ ഫോൺ വാങ്ങി യുവതി പറഞ്ഞ കടയിൽ എത്തിച്ചു നൽകുകയുമായിരുന്നു. യുവതിയെ അവസാനം പൊലീസ് പൊക്കി.

ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വി. ആര്യയെ (36) ആണ് കോയിപ്രം എസ്.എച്ച്.ഓ സജീഷ് കുമാർ അറസ്റ്റ് ചെയ്തത്.കോയിപ്രം കടപ്ര സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. ഇയാൾ നൽകിയ പുനർവിവാഹ പരസ്യം കണ്ട് 2020 മെയ്‌ നാല് മുതലാണ് യുവതി വിളിച്ചത്. രണ്ട് മൊബൈൽ ഫോണുകളിൽ നിന്നും മാറി മാറി വിളിച്ച ആര്യ തന്റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചിച്ചു.

മെയ്‌ 17 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ അമ്മയുടെ ചികിത്സയ്ക്കെന്നും പറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ, 22,180 രൂപ വിലയുള്ള ഓപ്പോ മൊബൈൽ ഫോണും വാങ്ങിയെടുത്തു. യുവതിയുടെ നിർദേശ പ്രകാരം തിരുവല്ലയിലെ കടയിൽ നിന്നും ഫോൺ വാങ്ങി കായംകുളത്തെ ഒരു കടയിൽ എത്തിക്കുകയായിരുന്നു.

ചതി പറ്റിയെന്ന് മനസിലാക്കിയ യുവാവ് കഴിഞ്ഞ ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്‌പിക്ക് പരാതി നൽകി. മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ വാങ്ങിയ തിരുവല്ലയിലെ മൊബൈൽ കടയിലും ഫോൺ കൊടുക്കാൻ ഏൽപ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിക്ക് സഹോദരിയില്ലെന്നും വ്യക്തമായി.

പാലക്കാട് കിഴക്കൻചേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ കൂടുതൽ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അനൂപ് സുജിത്, എം.എഷെബി എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.