- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പിടിയിലായതിന് പിന്നാലെ കസ്റ്റഡി ചാട്ടം; പോകുന്ന വഴി ഒരു സൈക്കിളും മോഷ്ടിച്ചു; പന്നിവിഴക്കാരൻ അഖിലിനെ മണിക്കൂറുകൾക്കകം പൊക്കി അടൂർ പൊലീസ്; കൂട്ടുപ്രതികളെയും കാട്ടിക്കൊടുത്ത് നല്ല കള്ളനായി
അടൂർ: പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായതിന് പിന്നാലെ കസ്റ്റഡിയിൽ നിന്ന് ചാടിയ മോഷ്ടാവ് പിടിയിൽ. കസ്റ്റഡി ചാടിപ്പോകുന്ന വഴി സൈക്കിൾ കൂടി മോഷ്ടിച്ചത് അടക്കം മൂന്നു കേസുകൾ ഇയാൾക്ക് എതിരേ ചുമത്തി.
പന്നിവിഴ കൈമല പുത്തൻ വീട്ടിൽ അഖിൽ (22) ആണ് സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ചാടിപ്പോയത്. ചൊവ്വ ഉച്ചയോടെയാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്ക് മോഷണക്കേസിൽ മറ്റു രണ്ടു പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആനന്ദപ്പള്ളി അയ്യപ്പ ഭവനിൽ അയ്യപ്പൻ (18), മലയാലപ്പുഴ താഴം എലക്കുളത്ത് നിരവേൽപുത്തൻ വീട്ടിൽ റിജുമോൻ (18) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനിൽ നിന്ന് ഓടി പോയ അഖിൽ കച്ചേരി ചന്തയ്ക്ക് സമീപമുള്ള വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സൈക്കിളും അപഹരിച്ചു. ഇതടക്കം മൂന്നു കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തു.
ഇളമണ്ണൂർ മങ്ങാട് വടക്കേതോപ്പിൽ വീട്ടിൽ സാംകുട്ടിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ ബൈക്ക് കഴിഞ്ഞ മാസം 10 ന് പുലർച്ചെ കാർ പോർച്ചിൽ നിന്ന് മോഷണം പോയി. 11ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ ബൈക്ക് പറക്കോട് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കേസുള്ളതിനാൽ ഉടമയായ സാംകുട്ടി തന്നെ അതെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോടതിയിൽ ഹാജരാക്കുന്നതിനു വേണ്ടി വാഹനം സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പിന്നീട് എപ്പോഴോ സ്റ്റേഷൻ വളപ്പിൽ നിന്ന് വാഹനം കാണാതായി. ഇതു സംബന്ധിച്ച് അന്വേഷണം തുടരുമ്പോഴാണ് ബൈക്കുമായി അഖിലിനെ പുന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആൻഡ് പാർക്കിൽ നിന്നുംപൊലീസ് തിങ്കളാഴ്‌ച്ച വൈകുന്നേരം പിടികൂടുന്നത്. സ്റ്റേഷനിൽ എത്തിച്ച് നിമിഷങ്ങൾക്കകം ഇയാൾപൊലീസിന്റെ കണ്ണു വെട്ടിച്ചു ചാടിപ്പോവുകയുമായിരുന്നു. പോകുന്ന വഴിക്കാണ് മറ്റൊരു വീട്ടിൽ നിന്ന് സൈക്കിളും മോഷ്ടിച്ചത്.
ഉടൻ തന്നെ പൊലീസ് പ്രതിക്കായി പല സംഘമായി തെരച്ചിൽ ആരംഭിച്ചു. തുടർന്ന് രാവിലെ പന്നിവിഴയിൽ വച്ച് ഇയാളെ പിടികൂടി. ബൈക്ക് മോഷണം, കസ്റ്റഡി ചാട്ടം, സൈക്കിൾ മോഷണം എന്നിങ്ങനെ മൂന്നു കേസാണ് ഇയാൾക്ക് എതിരേ രജിസ്റ്റർ ചെയ്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്