കണ്ണൂർ: വീട്ടിൽ വെള്ളം ചോദിച്ചെത്തിയയാൾ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കവർന്നത് വയോധികയുടെ മുക്കുപണ്ടം. പട്ടാപ്പൽ വെള്ളം ചോദിച്ചെത്തിയ ഇതരസംസ്ഥാനക്കാരനാണ് വയോധികയുടെ മുക്കുപണ്ടം പിടിച്ചു പറിച്ചതിനു ശേഷം ഓടി രക്ഷപ്പെട്ടത്. കമ്പിൽ പാട്ടയത്തെ ആയിഷയാ(70)ണ് കവർച്ചയ്ക്കിരയായത്. വെള്ളിയാഴ്‌ച്ച രാവിലെ എട്ടേകാലിനാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

വീട്ടുമുറ്റത്ത് വെള്ളം ചോദിച്ചെത്തിയ ഇതരസംസ്ഥാനക്കാരന് വെള്ളമെടുത്തു കൊടുക്കുന്നതിനിടെ വാട്ടർ ടാങ്കിൽ നിന്നും വെള്ളം പുറത്തേക്ക് ഓഫാക്കാൻ പോയ വയോധിക അടുക്കളയിലേക്ക് കടന്നപ്പോഴാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് പുറകെ അടുക്കളയിലെത്തി കത്തികാണിച്ചു വയോധികയായ വീട്ടമ്മയുടെ രണ്ടുപവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചു രക്ഷപ്പെട്ടത്. ബഹളം കേട്ട് അയൽവാസികൾ എത്തുമ്പോഴെക്കും യുവാവ് ഓടിരക്ഷപ്പെട്ടിരുന്നു. ഇയാളെ പരിസരത്തെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെയാണ് തനിക്ക് നഷ്ടമായത് മുക്കുപണ്ടമാണെന്ന് വീട്ടമ്മ പുറത്തുപറഞ്ഞത്. യുവാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. മയ്യിൽ പൊലിസ് മോഷ്ടാവിനായി കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചാരനിറത്തിലുള്ള ജീൻസും നീലവരയുള്ള ഫുൾകൈ ഷർട്ടും തോളിൽ തോർത്തും ബാഗുമുള്ളയാളാണ് കവർച്ച നടത്തിയതെന്നു സി.സി.ടി.വി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്.

വീടിനു മുൻപിലുള്ള വഴിയിലൂടെ ഇയാൾ ഓടിരക്ഷപ്പെടുന്ന ദൃശ്യമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം പട്ടാപ്പകൽ കണ്ണൂർ നഗരത്തിലും ഇതിനു സമാനമായി താണയിലെ ഒരു പൂട്ടിയിട്ട വീട്ടിൽ മോഷണം നടന്നിരുന്നു. താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപുള്ള ശാന്തിനഗർ കോളനിയിൽ പുഷ്പലത വാടയ്ക്കു താമസിിച്ചിരുന്ന വീട്ടുനമ്പർ 10 റവ്യയിലാണ് മോഷണം നടന്നത്.

പുഷ്ലതയും സഹോദരിയായ ഉഷാ ജോണും രാവിലെ പത്തുമണിയോടെ വീടുപൂട്ടി പുറത്തു പോയിരുന്നു. കുട്ടികൾ സ്‌കൂളിലും മറ്റുള്ളവർ ജോലിക്കും പോയ സമയത്താണ് മോഷ്ടാവ് കയറിയത്. വൈകുന്നേരം അഞ്ചുമണിയോടെ ഉഷാ ജോണും ഭർത്താവ് മില്ലർ ജോണും മടങ്ങി എത്തിയപ്പോഴാണ് വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്.

വീടിനകം പരിശോധിച്ചപ്പോൾ അലമാര ഗ്യാസ് കട്ടർ ഉപയോഗിച്ചു കുത്തിതുറന്നനിലയിലായിരുന്നു. ഇവിടെ വെച്ച പതിമൂന്ന് പവൻ സ്വർണവും പതിനഞ്ചായിരം രൂപയും നഷ്ടമായിട്ടുണ്ട്. പൊലിസിൽ പരാതി നൽകിയതിനെ തുടർന്ന് കണ്ണൂർ സി. ഐ വിനുമോഹനും സംഘവുമെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ നടന്നു പോകുന്ന മോഷ്ടാവിന്റെ ചിത്രം പതിഞ്ഞ ദൃശ്യം ലഭിച്ചിട്ടുണ്ട്.