പന്തളം: പൂഴിക്കാട് ചിറമുടിയിൽ യുവതിയെ തലയ്ക്കടിച്ചു കൊന്നത് രണ്ടു വർഷം മുൻപ് മാത്രം പരിചയപ്പെട്ട ഫേസ്‌ബുക്ക് കാമുകൻ. ഇരുവരും തമ്മിലുള്ള ലിവിങ് ടുഗദർ ബന്ധത്തിനിടെ പങ്കാളിയുടെ അവിഹിതബന്ധം യുവതി ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

പൂഴിക്കാട് ചിറമുടിയിൽ വാടകയ്ക്ക് താമസിക്കുന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂർ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്ന് വിളിക്കുന്ന സജിത (42) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം ഉണ്ടായിരുന്ന തിരുവനന്തപുരം, വെള്ളറട സ്വദേശിയായ ഷൈജു (34)വിനെയാണ് പൊലീസ് തെരയുന്നത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ പൂഴിക്കാട് ചിറമുടിയിലുള്ള വാടക വീട്ടിൽ വച്ച് സജിതയെ തലയ്ക്ക് അടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് സുരേഷുമായി കഴിഞ്ഞ നാലു വർഷത്തിലേറെയായി പിണങ്ങി കഴിഞ്ഞിരുന്ന സജിത കൊഴുവല്ലൂർ സ്വദേശിനിയാണ്.

തിരുവല്ലയിൽ ഒരു കടയിലെ ജീവനക്കാരിയായിരുന്ന സജിത ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഷൈജുമായി അടുപ്പത്തിലാവുകയായിരുന്നു. ഷൈജുവിനോടൊപ്പം ഭാര്യാ ഭർത്താക്കന്മാരായി ചിറമുടിയിൽ വാടകവീട്ടിൽ രണ്ടുവർഷമായി താമസിച്ചു വരികയുമായിരുന്നു. യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം മൊബൈൽ ഫോൺ ഓഫ് ആക്കി ഷൈജു നാടുവിടുകയായിരുന്നു. സമീപവാസികളുമായി യാതൊരു അടുപ്പവും ഇവർ പുലർത്തിരുന്നില്ല. ബാംഗ്ലൂർ താമസിക്കുന്ന പുഴിക്കാട് സ്വദേശിയുടെ വാടക വീട്ടിലാണ് ഇവർ താമസിച്ചു വന്നത്. ഭാര്യയും മക്കളും ഉള്ള ഷൈജുവിന് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതായും ഇതിനെ സജിത ചോദ്യം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവസ്ഥലത്ത് വിരലടയാളവിദഗ്ധരും സായ എന്ന പൊലീസ് നായയും എത്തി തെളിവ് ശേഖരിച്ചിരുന്നു. ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ ,അടൂർ ഡി.വൈ.എസ്‌പി.ബി.ബിനു അടക്കമുള്ള ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി.സജിതയുടെ മക്കൾ സൂരജ്, അക്ഷയ. പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം യുവതിയുടെ സ്വദേശമായ പുന്തല, കൊഴുവല്ലൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.