പത്തനംതിട്ട: യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത് വീട്ടിൽ വിനീത് എന്ന് വിളിക്കുന്ന ജോ വർഗീസ് (32) ആണ് പിടിയിലായത്. ചെങ്ങരൂർ അടവിക്കമല കൊച്ചുപറമ്പിൽ ശരത് കൃഷ്ണ(32)നെ കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. മാസങ്ങൾക്കു മുമ്പുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പിണങ്ങി. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയിൽ മാരകമായി പരുക്കേറ്റ ശരത് ചികിൽസയിലാണ്.

ഇരുവരും പുതുശ്ശേരിയിലെ ക്ലബ്ബിൽ പ്രവർത്തിച്ചിരുന്നു. ജോ നിലവിലെ പ്രസിഡന്റും ശരത് മുൻ പ്രസിഡന്റുമാണ്. ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം നടന്ന ഡിസംബർ 18 ന് രാത്രി 10 മണിക്കാണ് സംഭവം. മത്സരം കണ്ടുകൊണ്ടിരുന്ന ശരത്തിനെ ഗ്രൗണ്ടിന്റെ ഒരുഭാഗത്തേക്ക് വിളിച്ചു മാറ്റിക്കൊണ്ടുപോയ ശേഷം ബാറ്റ് കൊണ്ട് തലക്കടിക്കുകയായിരുന്നു. ശക്തമായ അടിയിൽ ഇടതു ചെവിയോടുചേർന്ന ഭാഗത്ത് മുറിവും
തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചു. തലച്ചോറിനുള്ളിൽ രക്തസ്രാവവും ഉണ്ടായി.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ശരത്തിന്റെ മൊഴിപ്രകാരം കീഴ്‌വായ്‌പ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ ജോയെ കണ്ടെത്താനുള്ള തെരച്ചിൽ പൊലീസ് വ്യാപിപ്പിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും വിളി സംബന്ധമായ രേഖകൾ ലഭ്യമാക്കുകയും ചെയ്തു.

കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഇയാൾ, ആലപ്പുഴ പട്ടണക്കാടുള്ള ഒരു ബാറിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്തുവരുന്നതായി പൊലീസ് സംഘം കണ്ടെത്തി. അന്വേഷണസംഘം അവിടെയെത്തി മൂന്ന് ദിവസത്തോളം ഹോട്ടലുകളും ഷാപ്പുകളുമൊക്കെ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തതിനെ തുടർന്ന്, പട്ടണക്കാട് പൊന്നാവെളിയിൽ കീർത്തി പാലസ് ബാർ ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോൺ ഉപയോഗിക്കാതെയിരുന്ന പ്രതി ഒടുവിൽ ബാറിൽ കൂടെ ജോലിയെടുക്കുന്നയാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് നിർണായകമായത്.

ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തിൽ പ്രതി കുടുങ്ങി. ഹോട്ടൽ ജീവനക്കാരെ ഫോട്ടോ കാട്ടിയപ്പോൾ അവർ തിരിച്ചറിയുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. സംഭവസ്ഥലത്തിന് അടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീടിന് സമീപം കുറ്റിക്കാട്ടിൽ നിന്നും ബാറ്റ് പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. 2010 ൽ കീഴവായ്‌പ്പൂർ രജിസ്റ്റർ ചെയ്ത ദേഹോപദ്രവകേസിൽ ജോ വർഗീസ് പ്രതിയായിട്ടുണ്ട്. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്‌ഐ ആദർശ്, എഎസ്ഐ പ്രസാദ്, എസ്.സി.പി.ഓ അൻസിം, സി.പി.ഓ വിഷ്ണു, രതീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു