- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്ത് ഒപ്പം താമസിച്ചിരുന്ന ഫേസ് ബുക്ക് കാമുകിയെ തലയ്ക്കടിച്ചു കൊന്ന ഷൈജു വളച്ചത് മുപ്പതോളം സ്ത്രീകളെ; ലൈംഗിക-സാമ്പത്തിക ചൂഷണത്തിനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ചു; ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പന്തളം പൊലീസ് കീഴടക്കിയത് സംഘട്ടനത്തിന് ഒടുവിൽ; സൂചന നൽകിയത് മറ്റൊരു ഫേസ് ബുക്ക് കാമുകി
പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്ക് അടിച്ചു കൊന്ന് മൊബൈൽഫോണും ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് സാഹസികമായി പിടികൂടി. പൂഴിക്കാട് ചിറമുടിയിൽ വാടകയ്ക്ക് താമസിച്ചു വന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂർ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്നുവിളിക്കുന്ന സജിത (42) കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര ദാലുംമുഖം പോസ്റ്റിൽ തുടലി ബി എസ് ഭവനിൽ എസ്.എൽ.ഷൈജു (34)വിനെയാണ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സംഘട്ടനം നടത്തി കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ 10 ന് രാത്രി പത്തരയ്ക്കാണ് ഇയാൾ കൊലപാതകം നടത്തിയത്. അതിന് ശേഷം മൊബൈൽഫോണും ഓഫാക്കി മുങ്ങി. രണ്ടു മക്കളുള്ള സജിത തിരുവല്ലയിലെ ഒരു കടയിൽ ജോലി ചെയ്യുമ്പോഴാണ് നാലു വർഷം മുൻപ് ഫേസ്ബുക്ക് മുഖേനെ ഷൈജുവിനെ പരിചയപ്പെട്ടത്. തുടർന്ന് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇയാൾക്കൊപ്പം താമസമാക്കി. മകൻ പിന്നീട് സജിതയ്ക്കൊപ്പം താമസിക്കാനെത്തി. സാമൂഹിക മാധ്യമങ്ങളിലുടെ സ്ത്രീകളെ വശത്താക്കി അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും സാമ്പത്തികം വാങ്ങി മുങ്ങുകയും ചെയ്യുന്നത് ഇയാളുടെ പതിവാണ്. ഷൈജുവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് കൊല നടത്തിയത്.
ബംഗളുരുവിൽ താമസിക്കുന്ന പൂഴിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സമീപവാസികളുമായി യാതൊരു അടുപ്പവും ഷൈജുവും സജിതയും പുലർത്തിയിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചതിനെതുടർന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ വിദഗ്ദ്ധമായി കുടുക്കിയത്.
സംഭവശേഷം നാടുവിട്ട പ്രതി രക്ഷപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തി. ഒടുവിൽ ജോലി ചെയ്ത എറണാകുളം കാക്കനാട് ഫാമിലും അന്വേഷണം നടത്തി. അടൂർ ഡി്വൈ.എസ്പി ആർ ബിനുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ഡാൻസാഫ് സംഘത്തിനെയും ഉൾപ്പെടുത്തി വ്യാപിപ്പിച്ച അന്വേഷണത്തിൽ വിവിധ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ബന്ധം സ്ഥാപിച്ചശേഷം അടുപ്പത്തിലാവുകയും, പിന്നീട് അവർക്കൊപ്പം താമസിക്കുകയും സാമ്പത്തിക ചൂഷണം ചെയ്യുകയുമാണ് പ്രതിയുടെ രീതി. ഒപ്പം താമസിച്ച് സ്ത്രീകളുടെ സ്വർണ ഉരുപ്പടികൾ കൈക്കലാക്കി പണയം വച്ച് പണമെടുത്ത് ചെലവാക്കി ജീവിതം ആസ്വദിക്കും. അത്തരം സ്ത്രീസുഹൃത്തുക്കളെ കണ്ടെത്തി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അങ്ങനെയാണ് ഇയാളുടെ ബംഗളുരു ബന്ധം വെളിപ്പെട്ടത്. ഡാൻസാഫ് ഉൾപ്പെടെയുള്ള പൊലീസ് സംഘം അവിടെയെത്തി റെയിൽവേ സ്റ്റേഷനുകളിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് പ്രതിയുടെ നീക്കം മനസിലാക്കിയതും വേഗംതന്നെ അറസ്റ്റ് ചെയ്യാനായതും.
ബംഗളുരുവിലുള്ള ബന്ധുക്കളുടെ സഹായം തേടിയാണ് ഷൈജു അവിടെയെത്തിയതെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ ബംഗളുരുവിലെത്തിയ പൊലീസ് സംഘം പിന്തുടരുന്നുണ്ടെന്ന തോന്നലിൽ പ്രതി മംഗലാപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ വച്ച് ഡാൻസാഫ് എസ്ഐ അജി സാമൂവൽ പിടിക്കാൻ ശ്രമിക്കുമ്പോൾ തള്ളിതാഴെയിട്ട ശേഷം വെട്ടിച്ചോടി. പൊലീസ് ഇൻസ്പെക്ടർ, സി പി ഓമാരായ അൻവർഷാ, അമീഷ് എന്നിവർ കൂടിചേർന്ന് മൽപ്പിടിത്തത്തിലൂടെ സാഹസികമായി കീഴ്പ്പെടുത്തുകയാണുണ്ടായത്. പന്തളം പൊലീസ് ഇൻസ്പെക്ടർ ബംഗളൂരിലെ മലയാളി സമാജവുമായി ബന്ധപ്പെട്ട് സഹായം തേടിയിരുന്നു. അങ്ങനെയാണ് പ്രതിയുടെ നീക്കം അറിയാൻ സാധിച്ചത്.
പ്രതി മുമ്പ് താമസിച്ചിരുന്ന ലോഡ്ജുകളും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഈ സംഘം വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. ബന്ധമുള്ളവരുമായെല്ലാം സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള ഷൈജു സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ മുപ്പതോളം സ്ത്രീകളുമായി പരിചയപ്പെട്ട് ഇത്തരത്തിൽ ചൂഷണം നടത്തിയതായി സംശയിക്കുന്നു. കൂടാതെ, സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയരുന്നതായും അറിയുന്നു. വിദേശത്ത് കേസിൽപെട്ട് രണ്ടുമാസം തടവ് ശിക്ഷ അനുഭവിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളും പരാതികളും നിലവിലുണ്ടെന്ന് പ്രതി സമ്മതിച്ചു.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതും സാമ്പത്തികമായി ചൂഷണം ചെയ്യുന്നതുമെന്നും വ്യക്തമായിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്