പത്തനംതിട്ട: സംശയകരമായ സാഹചര്യത്തിൽ കടയ്ക്ക് പിന്നിൽ കാണപ്പെട്ട ബൈക്ക് കടയുടമ കേബിൾ ലോക്കിട്ട് പൂട്ടി വച്ചു. വാഹനത്തിന്റെ ചിത്രങ്ങളും നമ്പരും സഹിതം വിവരം പൊലീസിനും കൈമാറി. നാലു ദിവസത്തിന് ശേഷം ഉച്ച സമയത്ത് കേബിൾ ലോക്ക് തകർത്ത് വാഹനവുമായി കടന്നു.

കോളജ് റോഡിലെ ഹീറോ ഇലക്ട്രിക് വാഹന ഷോറൂമിന് പിന്നിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഹീറോ ഗൽമർ ബൈക്ക് കണ്ടത്. ഇതിൽ ഒരു യുവാവ് ഇരിക്കുന്നുണ്ടായിരുന്നുവെന്ന് ഷോറൂം ഉടമ എസ്.വി. പ്രസന്നകുമാർ പറഞ്ഞു. കെ.എൽ.02 എ.വി 5636 എന്നതാണ് വാഹന നമ്പർ അതിന് ശേഷം ബൈക്ക് എടുക്കാൻ ആരും വരാതിരുന്നപ്പോഴാണ് പ്രസന്ന കുമാർ കേബിൾ ലോക്കിട്ട് വാഹനം പൂട്ടി വച്ചത്.

ഇതിന് ശേഷം വാഹനത്തിന്റെ ചിത്രങ്ങൾ എടുത്ത് നമ്പർ സഹിതം വിവരം പൊലീസിന് കൈമാറി. വാഹനം മോഷ്ടിച്ചു കൊണ്ടു വന്നതാണെന്നായിരുന്നു പ്രസന്നന്റെ സംശയം. അദ്ദേഹത്തിന്റെ സംശയം ശരി വയ്ക്കുന്ന തരത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ന്് വാഹനം രണ്ടു പേർ ചേർന്ന് പൂട്ട് തകർത്ത് കടത്തിക്കൊണ്ടു പോയി. ഷോറൂമിലുള്ളവർ ഉച്ച ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് വാഹനം കൊണ്ടു പോയത്. വാഹനവുമായി ഇവർ പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രണ്ടു പേർ സ്‌കൂട്ടറിൽ വന്നാണ് ഇത് എടുത്തിരിക്കുന്നത്. ഒരാൾക്ക് മാത്രമാണ് ഹെൽമറ്റ് ഉള്ളത്. വിവരം അറിയിച്ചിട്ടും വാഹനം കസ്റ്റഡിയിലെടുക്കാത്ത പൊലീസിന്റെ വീഴ്ച ഇതിനൊരു കാരണമായി. പ്രസന്ന കുമാർ വിവരം അറിയിച്ച ദിവസം തന്നെ പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിൽ മോഷണ വണ്ടിയാണോ എന്ന അറിയാൻ കഴിയാമായിരുന്നു. എന്തായാലും ഇപ്പോൾ പൊലീസ് അന്വേഷണം ഊർജിതമാണ്.