പത്തനംതിട്ട: അമ്മയും മക്കളും ക്രിമിനൽ കേസ് പ്രതികളായ കുടുംബം. ക്വട്ടേഷൻ ആക്രമണത്തിന് കിട്ടിയ തിരിച്ചടിയിൽ മാതാവ് കൊല്ലപ്പെടുന്നു. രണ്ടു മക്കളെയും കാപ്പ ചുമത്തി പൊലീസ് ജയിലിലുമടച്ചു. ഇതിൽ ഒരാൾക്കെതിരേ തുടർച്ചയായ രണ്ടാം തവണയാണ് കാപ്പ ചുമത്തപ്പെടുന്നത്.

അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ ബാഹുലേയന്റെ മക്കളായ സൂര്യലാൽ(23), ചന്ദ്രലാൽ(20) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് സഹോദരങ്ങൾ. ഇരുവരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരും. സൂര്യലാലിനെതിരെ കഴിഞ്ഞ മേയിൽ കാപ്പാ നടപടി സ്വീകരിച്ച് ജയിലിൽ അടച്ചതിന് ശേഷം ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് രണ്ടാമതും കാപ്പാ നടപടികൾക്ക് വിധേയനാവുന്നത്.

ഈവർഷം ഫെബ്രുവരിയിൽ ഇവരോടുള്ള വിരോധം നിമിത്തം ഇവരുടെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചുകയറി അമ്മ സുജാതയെ ക്രൂരമായി മർദിക്കുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതര പരുക്കേറ്റ സുജാത പിന്നീട് മരണപ്പെട്ടു.ക്വട്ടേഷന് പോകുന്നത് വളർത്തു നായയുമായിട്ടാണ്. തങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വന്നാൽ നായയെ അഴിച്ചു വിട്ട് കടിപ്പിക്കും. അങ്ങനെ നടത്തിയ ഒരു ക്വട്ടേഷന്റെ തിരിച്ചടിയാണ് ഇവരുടെ അമ്മയുടെ ജീവനെടുത്തത്.

ഏനാത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ, ഒളിവിലായിരുന്ന രണ്ടു പേരും അമ്മയുടെ സംസ്‌കാര ചടങ്ങുകൾക്ക് എത്തിയപ്പോഴാണ് പിടിയിലായത്. കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര സബ് ജയിലിൽ തടവിൽ കഴിഞ്ഞുവന്ന സഹോദരങ്ങളെ അടൂർ ഡി.വൈ.എസ്‌പി ആർ.ജയരാജിന്റെ നിർദ്ദേശാനുസരണം, പൊലീസ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ്, സി.പി.ഓമാരായ സൂരജ് ആർ. കുറുപ്പ്, രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജയിലിലെത്തി നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവരെ തൃശൂർ വിയ്യൂർ ജയിലിലെ കാപ്പാ സെല്ലിലേക്ക് മാറ്റും.