അടൂർ: കട മുറി ഒഴിയുന്നതുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കെട്ടിടം ഉടമ വാടകക്കാരിയെ തോക്ക് ഉപയോഗിച്ച് മർദിച്ചുവെന്ന് പരാതി. തലയ്ക്ക് പരുക്കേറ്റ വീട്ടമ്മ ചികിൽസ തേടി. തെങ്ങമം ജങ്ഷനിൽ ആഷാ ബോട്ടിക് ആൻഡ് സൂപ്പർ മാർക്കറ്റ്, ആഷാ ടെക്സ്റ്റൈൽ എന്നീ സ്ഥാപനങ്ങൾ നടത്തുന്ന പള്ളിക്കൽ ആനയടി ചെറുകുന്നം ഗൗരി ശങ്കരത്തിൽ അനിൽകുമാറിന്റെ ഭാര്യ ആശാ നായർ(41)ക്ക് നേരെയാണ് കെട്ടിടം ഉടമ രവി (68) ആക്രമണം നടത്തിയതായി പരാതിയുള്ളത്.

ബുധനാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. ആശയും അനിൽകുമാറും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ ഫൽക്സ് ബോർഡ് വയ്ക്കുന്നതുമായി കെട്ടിടം ഉടമ രവിയുമായി തർക്കമുണ്ടായി. ഇതിനിടെ അനിലിനെ രവി അസഭ്യം പറഞ്ഞുവെന്നും അത് ചോദിക്കാൻ ചെന്ന തന്നെ ആക്രമിക്കുകയും ചെയ്തുവെന്നാണ് ആശയുടെ പരാതി. തോക്ക് ഉപയോഗിച്ച് കൈക്കും തലയ്ക്കും ഇടിച്ചു. പരുക്കേറ്റ ആശയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് തലയിൽ ഏഴു തുന്നൽ ഇടേണ്ടി വന്നു.

കെട്ടിടത്തിന് വാടക കൂട്ടി വേണമെന്ന് ആവശ്യപ്പെട്ട് രവി മുൻപും ഇവരുമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു. ഇതിന്റെ പേരിൽ ആശ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തർക്കം നിലവിൽ ഇരിക്കേയാണ് ഇപ്പോൾ അക്രമം ഉണ്ടായിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങി. ആശയുടെ മൊഴി രേഖപ്പെടുത്തി. എയർ ഗൺ ഉപയോഗിച്ചാണ് മർദിച്ചിട്ടുള്ളത്.