- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴുകാരിയെ തട്ടിക്കൊണ്ട് നാടുവിട്ടത് ഒരാഴ്ച മുൻപ്; പുതിയ ഫോണും സിമ്മും തുണച്ചില്ല; പൊലീസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ബംഗളൂരുവിൽ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: പതിനേഴുകാരിയെ തട്ടിക്കൊണ്ട് ബംഗളൂരുവിന് കടക്കുകയും അവിടെ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. പിടിക്കപ്പെടാതിരിക്കാൻ പുതിയ ഫോണും സിമ്മുമൊക്കെ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇലവുംതിട്ട പൊലീസിന്റെ അന്വേഷണ മികവിൽ യുവാവ് കുടുങ്ങുകയായിരുന്നു.
മെഴുവേലി ഉള്ളന്നൂർ മുട്ടയത്തിൽ തെക്കേതിൽ വീട്ടിൽ പ്രമോദ് (24) ആണ് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇയാൾ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ കാണാഞ്ഞതിന് വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്നുതന്നെ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന വിവരം ലഭിച്ച പൊലീസ് സംഘത്തിന്റെ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാണെന്ന് വ്യക്തമായി.
തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെ ഇയാളുടെ പുതിയ ഫോൺ നമ്പർ ലഭിച്ചു.യുവാവ് പെൺകുട്ടിക്ക് വാങ്ങികൊടുത്ത പുതിയ ഫോൺ നമ്പരിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചുനടത്തിയ നീക്കത്തിലാണ് ഇരുവരും ബാംഗളുരുവിലുണ്ടെന്ന് വ്യക്തമായത്.
ജില്ലാ അഡിഷണൽ പൊലീസ് സൂപ്രണ്ട് ആർ. പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം, അന്വേഷണസംഘം അവിടെയെത്തി മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ മേനോട്ടത്തിലായിരുന്നു അന്വേഷണം. ചൊവ്വാഴ്‌ച്ച പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയശേഷം നിരവധി സ്ഥലങ്ങളിൽ കറങ്ങി നടന്നെന്നും, വെള്ളിയാഴ്ച ബാംഗളുരുവിലെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പൊലീസ് ഇൻസ്പെക്ടർ ഡി ദീപുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ കെ എൻ അനിൽ, എസ് സി പി ഓമാരായ സന്തോഷ് കുമാർ, രാജേഷ്, സി പി ഓമാരായ അനൂപ്, പ്രശോബ്, ശരത്, അനിത എന്നിവരാണുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്