കോന്നി: ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയുടെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ മൈതാനത്ത് എത്തിച്ച് കൂട്ടബലാൽസംഗം ചെയ്ത കേസിൽ രണ്ടു ക്രിമിനൽ കേസ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രമാടം തെങ്ങുംകാവ് മല്ലശ്ശേരി തറശ്ശേരിൽ വീട്ടിൽ നിന്നും അങ്ങാടിക്കൽ വില്ലേജിൽ ഗണപതി അമ്പലത്തിന് സമീപം മംഗലത്ത് വീട്ടിൽ താമസിക്കുന്ന അനിഷ് കുമാർ(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന രഞ്ജിത് ( 34) എന്നിവരാണ് അറസ്റ്റിലായത്.

അനീഷ് 2018 മുതൽ കോന്നി, പത്തനംതിട്ട എന്നീ പൊലീസ് സ്റ്റേഷനുകളിലെ മോഷണം ,അടിപിടി ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രഞ്ജിത്ത് 2013 മുതൽ തീവയ്‌പ്പ്, മോഷണം, സ്ത്രീകൾക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി കോന്നി കേസിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയായിട്ടുണ്ട്. 2018 ലെ മോഷണക്കേസിൽ ഇവർ കൂട്ടുപ്രതികളാണ്.

കഴിഞ്ഞമാസം 26 ന് രാത്രി ഒമ്പതിനാണ് സംഭവം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയുടെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ നിന്നും കാറിൽ കയറ്റി ഇടവഴിയിലൂടെയും മറ്റും ഓടിച്ച് മൈതാനത്തിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ കാറിൽ വച്ച് പീഡിപ്പിച്ചെന്നാണ് 31കാരിയുടെ പരാതി. ഏപ്രിൽ 26ന് രാത്രിയിലാണ് സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരാതിക്കാരിയും ഭർത്താവും ഇവരെ സന്ദർശിക്കാനും ഇവർക്കുള്ള വസ്ത്രങ്ങൾ നൽകാനുമായി ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് പരിചയക്കാരായ പ്രതികളുടെ കാറിൽ കയറ്റി വിട്ടത്.

പീഡനത്തെക്കുറിച്ച് യുവതിയും ഭർത്താവിനോട് വെളിപ്പെടുത്തിയിരുന്നില്ല. രണ്ടുദിവസത്തിന് ശേഷം 28-ാം തീയതിയാണ് കാറിൽവെച്ചുണ്ടായ ദുരനുഭവം യുവതി ഭർത്താവിനോട് തുറന്നുപറഞ്ഞത്. ഇതോടെ ഭർത്താവ് കോന്നി പൊലീസിനെ ഫോണിൽ വിവരമറിയിച്ചു. തുടർന്ന് ദമ്പതിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തേ തുടർന്ന് ഡിവൈഎസ്‌പി ടി. രാജപ്പന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്‌ഐ മാരായ സജു ഏബ്രഹാം, ഏ.ആർ.രവീന്ദ്രൻ, എസ്.സി.പി.ഓ രഞ്ജിത്, സി.പി.ഓമാരായ ബിജു വിശ്വനാഥ്, അൽസാം, പ്രസൂൺ, ഷിനു, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.