കണ്ണൂർ: ദക്ഷിണേന്ത്യയിലെ കഞ്ചാവ് കടത്തിന് നേതൃത്വം നൽകുന്നതിനിടെ പൊലിസ് അറസ്റ്റിലായ ഇബ്രാഹിം കണ്ണൂരിൽ ഹോട്ടൽ ബിസിനസിന്റെ മറവിൽ വൻകള്ളപ്പണമൊഴുക്കിയതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. കണ്ണൂർ നഗരത്തിലെ രണ്ടു വൻകിട ഹോട്ടലുകളാണ് ഇയാൾ നടത്തിപ്പിനായി ഏറ്റെടുത്തു നടത്തിയിരുന്നത്. ഇവിടെ ഇൻവെസ്റ്റ് ചെയ്ത പണം കഞ്ചാവ് വിൽപനയിലൂടെ ലഭിച്ചതാണെന്നാണ് പൊലിസ് പറയുന്നത്.

സബ് ഏജന്റുമാരെ വച്ചാണ് ഇബ്രാഹിം ഹോട്ടൽ ബിസിനസ് നിയന്ത്രിച്ചിരുന്നത്. ഹോട്ടൽ ബിസിനസ് വൻലാഭകരമാണെന്നാണ് ഇയാൾ അടുപ്പമുള്ളവരോട് പറഞ്ഞത്. ഹോട്ടലുകളിൽ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടത്തിയെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
എന്നാൽ കേരളത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഞ്ചാവ് കടത്തിയതിന്റെ ലാഭവിഹിതമാണ് ഹോട്ടൽ ബിസിനസിലേക്ക് ഇറക്കിയതായാണ് പൊലിസ് പറയുന്നത്.

ആന്ധ്രാ പ്രദേശത്തിൽ സ്ഥലം വാടകയ്ക്കെടുത്ത ഇബ്രാഹിമിന്റെ പ്രധാനവരുമാനം വിപുലമായി നടത്തിവരുന്ന കഞ്ചാവ് കടത്താണെന്നാണ് പൊലിസ് പറയുന്നത്. ഇബ്രാഹിം നടത്തിപ്പിനായി ഏറ്റെടുത്ത ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ റെയ്ഡു നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇബ്രാഹിമിനെ കുറിച്ചു കൂടുതൽ വിവരങ്ങളില്ലെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്.

ദക്ഷിണേന്ത്യയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ രാജാവായ കാസർകോട് ദേലംപാടിയലെ ഇബ്രാഹിമിന്റെ കഞ്ചാവ് തോട്ടത്തിൽ തോക്കുമായി കാവൽ നിൽക്കുന്നത് മാവോയിസ്റ്റുകളാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആന്ധ്രയിലെ കഞ്ചാവ് കൃഷിക്കാണ് മാവോയിസ്റ്റുകൾ സുരക്ഷ നൽകുന്നത്. തെലങ്കാനയിലെ ഖമ്മത്തും ഇയാൾ കൃഷിയിറക്കാൻ പദ്ധതിയിട്ടത് മാവോയിസ്റ്റുകളുടെ സഹായം ഉറപ്പുവരുത്തിയാണെന്ന് പൊലിസ് പറയുന്നു.
-
കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ ഇബ്രാഹിമെന്ന മുസംബി ഇബ്രാഹിമിനെ (42) ചോദ്യം ചെയ്തപ്പോഴാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമായത്. കഞ്ചാവ് കടത്തിന് ഇയാൾ ഉപയോഗിച്ച നാലുവാഹനങ്ങളിലൊന്ന് കണ്ണൂരിലെത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിനടുത്തുള്ള കരൂരിൽ വച്ചാണ് രഹസ്യഅറകളുള്ള വാഹനം പിടിച്ചെടുത്തത്. ഇയാളുടെ മറ്റൊരു വാഹനം നേരത്തെ കർണാടക എക്സൈസ് സംഘം പിടികൂടിയിരുന്നു.

ആഡംബര ജീവിതത്തിന് ഉടമയായതിനാലാണ് ഇബ്രാഹിമിന്റെ ബാങ്ക് അക്കൗണ്ടിൽ കാര്യമായ നിക്ഷേപമില്ലാത്തതെന്നാണ് പൊലിസ് കണ്ടെത്തൽ. കാസർകോടും ബാംഗ്ളൂരും ഭാര്യമാരുള്ള ഇബ്രാഹിമിന് ഇവിടങ്ങളിൽ ഇരുനില വീടുകളുമുണ്ട്. കഞ്ചാവ് കടത്ത് ഇയാൾ നടത്തിയിരുന്നത് സബ് ഏജന്റുമാരെ വച്ചാണ് ആഡംബര ജീവിതം നയിക്കുന്നതിന് വലിയ സാമ്പത്തിക ചെലവ് വരുന്നതായി ചോദ്യം ചെയ്യലിൽ ഇബ്രാഹിം വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകൾക്കാവശ്യമായ എല്ലാസഹായവും ചെയ്തു കൊടുത്തുകൊണ്ടു ഇബ്രാഹിം അവരുടെ പ്രീതി പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് കഞ്ചാവ് കൃഷിക്ക് അവർ കാവൽ നിന്നത്.

എടചൊവ്വയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും 61- കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് കാസർകോട് ദേലമ്പാടി വൽത്താജെ വീട്ടിൽ ഇബ്രാഹിമിന്റെ കഞ്ചാവ് കൃഷിയെ കുറിച്ചു പൊലിസിന് വ്യക്തമായ വിവരം ലഭിക്കുന്നത്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനും പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ഇബ്രാഹിമിന്റെ സബ് ഏജന്റുമാർ സജീവമാണെന്നും ഇവരെ കണ്ടെത്തുമെന്നും പൊലിസ് പറഞ്ഞു. ഇബ്രാഹിമിന്റെ വാഹനങ്ങളിലെ ഇന്ധന ടാങ്ക് കഞ്ചാവ് കടത്താനുള്ള രഹസ്യ അറകളാക്കി മാറ്റിയത് മലപ്പുറം സ്വദേശിയുടെ സഹായത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.