കണ്ണൂർ: സോഷ്യൽ മീഡിയയിലുടെ പരിചയപ്പെട്ട 16 വയസുകാരിയെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ എം ഷമിലിനെ (38) യാണ് തളിപറമ്പ് പൊലിസ് ഇൻസ്‌പെക്ടർ എവി ദിനേശൻ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷമൽ കുട്ടിയെ പ്രണയം നടിച്ചു പ്രലോഭിപ്പിക്കുകയും വീട്ടിൽ നിന്നും രഹസ്യമായി വിളിച്ചിറക്കിയ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ഒരു ബാറിൽ നിന്നും സ്‌ട്രോങ് ബിയർ വാങ്ങി നിർബന്ധിപ്പിച്ചു കഴിപ്പിക്കുകയുമായിരുന്നു. ഇതോടെ അവശ നിലയിലായ പെൺകുട്ടിയെ മറ്റൊരു സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

രണ്ടു ദിവസമായി പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലിസ് വളപട്ടണത്തു നിന്നും പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.