പത്തനംതിട്ട : പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ വിരോധത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കൊടുമൺ ആനന്ദപ്പള്ളി അയ്യപ്പഭവനം വീട്ടിൽ സുന്ദരേശന്റെ മകൻ അയ്യപ്പൻ (19), സുഹൃത്ത് മലയാലപ്പുഴ താഴം നിറവേൽ പുത്തൻ വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ റിജുമോൻ (20) എന്നിവരെയാണ് കൊടുമൺ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുമായി അയ്യപ്പൻ പ്രണയബന്ധത്തിന് ശ്രമിച്ചിരുന്നു, അതിൽ നിന്നും പിന്മാറിയ കാരണത്താൽ തിങ്കളാഴ്ച വൈകിട്ട് 5.45 ന് പന്തളം തെക്കേക്കര ചന്ദ്രവേലിപടിയിൽ വച്ചാണ് ആക്രമിച്ചത്.

നടന്നുപോയ പെൺകുട്ടിയെ ബൈക്കിൽ എത്തിയ പ്രതികൾ തടഞ്ഞുനിർത്തി, ഒന്നാം പ്രതി കവിളിൽ അടിക്കുകയായിരുന്നു. തുടർന്ന് തോളിലും മുഖത്തും മർദ്ദിച്ചു. താഴെ വീണപ്പോൾ ഇടതു ചുമലിലും പിടലിക്കും മുഖത്തും ചവുട്ടി. പെൺകുട്ടി നിലവിളിച്ച് ബഹളമുണ്ടാക്കിയപ്പോൾ കടന്നുകളഞ്ഞ പ്രതികൾ, തുടർന്ന് തിരിച്ചെത്തി വീട്ടിലേക്ക് നടന്ന കുട്ടിയെ വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈകൊണ്ട് മൂക്കിലിടിക്കുകയും കല്ലെടുത്ത് ഇടത് നെറ്റിയിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വലതുകൈ തള്ളവിരലിനും വലതു കൈപ്പത്തിക്കും മുറിവേറ്റു. ചെള്ളക്ക് നീർക്കോളും സംഭവിച്ചു.

അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പൊലീസ്, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ്‌സിന്റെ നിർദേശപ്രകാരം പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതിനെ തുടർന്ന് ഇന്നലെ മലയാലപ്പുഴയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു.

പ്രതികൾക്കെതിരെ ദേഹോപദ്രവത്തിനും മാനഹാനിക്കും ലൈംഗികാതിക്രമത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. അടൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷമെടുത്ത മോഷണക്കേസിലും പ്രതികളാണ് യുവാക്കൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ രതീഷ് കുമാർ, എസ് സി പി ഓമാരായ ശിവപ്രസാദ്, പ്രമോദ്, സി പി ഓമാരായ രതീഷ് , പ്രദീപ് , കൃഷ്ണകുമാർ എന്നിവരാണ് ഉള്ളത്.