പത്തനംതിട്ട: കോവിഡ് സെന്ററിൽ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും പരാതി ഉയർന്നപ്പോൾ ഒളിവിൽപ്പോവുകയും ചെയ്ത ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയെ മൂന്നു വർഷത്തിന് ശേഷം ഒളിസങ്കേതത്തിൽ നിന്ന് മൂഴിയാർ പൊലീസ് പൊക്കി.

സീതത്തോട് മംഗലശേരി വീട്ടിൽ മനു എന്ന് വിളിക്കുന്ന എംപി പ്രദീപിനെ(36)യാണ് മൂഴിയാർ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ ഡൽഹിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. 2020 നവംബർ 14 നാണ് ഇയാൾക്കെതിരേ പീഡനക്കേസ് എടുത്തത്.

2020 മെയ് മുതൽ ജൂലൈ വരെ രണ്ടര മാസം തുടർച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടർക്കാണ് യുവതി പരാതി നൽകിയത്. കലക്ടർ ഇത് എസ്‌പിക്ക് കൈമാറുകയും മൂഴിയാർ പൊലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോൾ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു.

ഇയാൾക്കെതിരേ പെൺകുട്ടി പരാതി നൽകിയപ്പോൾ ഒതുക്കാനുള്ള നീക്കം നടത്തിയത് പാർട്ടിക്കാർ തന്നെയായിരുന്നു. നടക്കാതെ വന്നപ്പോൾ പാർട്ടി നേതൃത്വം ഇയാളെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം കുത്തകയാക്കി കൈവശം വച്ചു പോരുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കൂടിയായിരുന്നു മനു.

ആങ്ങമൂഴിയിൽ മാർത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈൻ സെന്റർ പ്രവർത്തിച്ചിരുന്നത്. ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പോസിറ്റീവ് ആയപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം മനുവും യുവതിയും ക്വാറന്റൈനിലായി.

സെന്ററിന്റെ ഒന്നാം നിലയിൽ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. ഇവിടെ വച്ച് മനു യുവതിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം അരക്കിട്ടുറപ്പിച്ചു. തുടർന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ നിലയിൽ തന്നെ ഒരു മുറി മനു സ്വന്തമാക്കി വച്ചിരുന്നു. രാത്രികാലങ്ങളിൽ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഒരേ നാട്ടുകാർ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്.

മനു പീഡനക്കേസിൽ പ്രതിയാകുമെന്ന് വന്നതോടെ പാർട്ടി നേതൃത്വം ഉണർന്നു. പാർട്ടിക്ക് ക്ഷീണമാകുമെന്ന് കണ്ട് ചുമതലകളിൽ നിന്ന് ഒഴിവാക്കി. യുവതിയുടെ നീക്കം മണത്തറിഞ്ഞ മനു ഒളിവിൽ പോവുകയും ചെയ്തു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് സൂചനയൊന്നുമില്ലായിരുന്നു.

ഫോണും സോഷ്യൽ മീഡയയുമൊക്കെ ഉപേക്ഷിച്ചാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതിയെ കണ്ടുപിടിക്കാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി ഡൽഹിയിലുണ്ടെന്ന് മനസിലാക്കിയത്. തുടർന്ന് പൊലീസ് സംഘം രഹസ്യമായി അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.